പാക്കിസ്താന്‍ തീവ്രവാദികള്‍ ഏതു പാതാളത്തില്‍ ഒളിച്ചിരുന്നാലും കൊല്ലുന്ന ഒരേയൊരു ഇന്ത്യന്‍ നിര്‍മ്മിത മിസൈല്‍ ഉണ്ട്. അതാണ് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍. കൃത്യം ശക്തം എന്നതിനപ്പുറം ഈ മിസൈലിനെ അടയാളപ്പെടുത്താനാവില്ല. പാക്കിസ്താന്റെ ഭീകര താവളങ്ങള്‍ തിരഞ്ഞു പിടിച്ച്, കൃത്യമായി നശിപ്പിച്ച ചരിത്രമാണ് ബ്രഹ്മോസ് മിസൈലിനെ ലോക ആയുധ കമ്പോളത്തില്‍ പ്രിയപ്പെട്ടതാക്കുന്നത്. പാക്കിസ്താനിലേക്കുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ കൂടെ കഴിഞ്ഞപ്പോള്‍ ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ക്കായി ഇന്തോനേഷ്യ കാത്തിരിക്കുന്നുവെന്ന വിവരം പുറത്തുവന്നത് ഈയടുത്ത സമയത്താണ്. ഇന്ത്യ ക്രൂയിസ് മിസൈലുമായി ബന്ധപ്പെട്ട കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ രാജ്യമല്ല ഇന്തോനേഷ്യ.
രാജ്യത്തിന്റെ അഭിമാനമായ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടിക നീണ്ടു പോവുകയാണ്. പ്രതിരോധത്തില്‍ നിന്നും ആയുധക്കച്ചവടത്തിലേക്ക് ഇന്ത്യയുടെ ചുവടുവെയ്പ്പു കൂടിയാണ് ബ്രഹ്മോസിലൂടെ സംഭവിക്കുന്നതെന്നു പറയാതെ വയ്യ. പാകിസ്ഥാന്റെ പേടിസ്വപ്നമായ ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ലോക രാജ്യങ്ങളുടെ നീണ്ടനിരതന്നെയുണ്ട് ഇപ്പോള്‍. ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി മാസങ്ങള്‍ക്കു മുമ്പ്തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് തക്കതായ മറുപടി പാകിസ്ഥാന് നല്‍കാന്‍ ഇന്ത്യയ്ക്ക് കരുത്തായത് ബ്രഹ്മോസ് മിസൈലുകളാണ്. മിസൈലിന്റെ വിജയകരമായ ഉപയോഗം വഴി ഇന്ത്യന്‍ ആയുധശക്തി ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ രാജ്യത്തിന് സാധിച്ചു. കര, ആകാശം, കടല്‍ എന്നിവിടങ്ങളില്‍ ഒരുപോലെ പ്രയോഗിക്കാന്‍ സാധിക്കുന്ന ഈ മിസൈല്‍ ഒന്നിലധികം ആക്രമണങ്ങള്‍ക്കും പ്രായോഗികം. സൂപ്പര്‍സോണിക് വേഗത, കൃത്യത, വിവിധ സൈനിക പ്രവര്‍ത്തനങ്ങളില്‍ പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവയാല്‍ വ്യത്യസ്തമാകുന്നു. ഇതിനോടകം ഇന്ത്യയുമായി ബ്രഹ്മോസ് കരാറിലേര്‍പ്പെട്ട രാജ്യം ഫിലിപ്പീന്‍സാണ്. 2022 ജനുവരിയില്‍ 375 മില്യണ്‍ ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
ആദ്യ ബാറ്ററി വിതരണം 2024 ഏപ്രിലില്‍ നടന്നു. രണ്ടാമത്തേത് 2025 ഏപ്രിലിലും. എന്നാലിപ്പോള്‍ ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനസ്വേല, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡില്‍-ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. വേഗതയ്ക്കും കൃത്യതയ്ക്കും പേരുകേട്ട ബ്രഹ്മോസ് വാങ്ങിക്കാന്‍ നിരവധി രാജ്യങ്ങളില്‍ നിന്നാണ് താത്പര്യം പ്രകടിപ്പിച്ചെത്തിയത്. ഇന്ത്യയുമായി വിവിധ രാജ്യങ്ങള്‍ വിഷയത്തില്‍ ചര്‍ച്ചയിലുമാണ്. ഏതെല്ലാം രാജ്യങ്ങളാണ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യയെ സമീപിച്ചതെന്ന് പരിശോധിക്കാം.
വിയറ്റ്നാം- കരസേനയ്ക്കും നാവികസേനയ്ക്കും മിസൈലുകള്‍ വിതരം ചെയ്യുന്നത് ഉള്‍പ്പെടെ 700 മില്യണ്‍ ഡോളറിന്റെ കരാറാണ് വിയ്റ്റ്നാം ആസൂത്രണം ചെയ്യുന്നത്.
മലേഷ്യ- സുഖോയ് സു-30 എംകെഎം യുദ്ധ വിമാനങ്ങള്‍ക്കും കെഡ ക്ലാസ് യുദ്ധക്കപ്പലുകള്‍ക്കും ബ്രഹ്മോസ് മിസൈലുകള്‍ നല്‍കുന്ന കാര്യം മലേഷ്യ ചര്‍ച്ച ചെയ്യുന്നു.
തായ്ലാന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ- തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ബ്രഹ്മോസില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനിസ്വേല- ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തങ്ങളുടെ നാവിക, തീരദേശ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനായി ബ്രഹ്മോസില്‍ കണ്ണുവെക്കുന്നു.
ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ഒമാന്‍- ഈ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും മിസൈലില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ- ദക്ഷിണാഫ്രിക്കയും ബള്‍ഗേറിയയും മിസൈലിന്റെ കാര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയിലാണ്.
2001 ജൂണ്‍ 12നാണ് ബ്രഹ്മോസ് മിസൈല്‍ ആദ്യമായി രാജ്യം പരീക്ഷിച്ചത്. ഇതിന് ശേഷം നിരവധി അപ്ഡേറ്റുകള്‍ ഈ മിസൈല്‍ സാങ്കേതിക വിദ്യയില്‍ വരുത്തി. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ), റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസിന് മാക് 3 വേഗത്തില്‍ വരെ കുതിക്കാനാകും. 200-300 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കുന്ന ഈ മിസൈലിന് 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. അതായത് പല പാക് നഗരങ്ങളെയും ചുട്ടെരിക്കാന്‍ ബ്രഹ്മോസ് മതിയെന്ന് സാരം.
വേഗതയ്‌ക്കൊപ്പം കൃത്യതയാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മുഖമുദ്ര. തറനിരപ്പില്‍ നിന്ന് വെറും 10 മീറ്റര്‍ വരെ ഉയരമുള്ള ലക്ഷ്യം വരെ തരിപ്പിണമാക്കാം. ശത്രു റഡാറുകളില്‍ പതിയില്ല എന്നതുകൊണ്ടുതന്നെ ബ്രഹ്മോസ് അനായാസം ലക്ഷ്യസ്ഥാനത്തെത്തുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്യും. മാക് 2.8-നും മാക് 3.5-നും ഇടയിലുള്ള വേഗതയില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്പരാഗത സബ്സോണിക് ക്രൂയിസ് മിസൈലുകളേക്കാള്‍ ഏകദേശം മൂന്നിരട്ടി വേഗതയില്‍, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മേല്‍ പതിക്കും.
- ബ്രഹ്മോസിന്റെ വികസനം എങ്ങനെ, എന്തിന്?
1980കളില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ സംയോജിത ഗൈഡഡ് മിസൈല്‍ വികസന പരിപാടി (IGMDP) അഗ്‌നി പരമ്പരയിലുള്ള ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ തുടങ്ങി. ഈ പദ്ധതിയിലൂടെ ആകാശ് (പ്രതലത്തില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നത്), പൃഥ്വി (പ്രതലത്തില്‍ നിന്ന് പ്രതലത്തിലേക്ക് തൊടുക്കാവുന്ന ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍), നാഗ് (ടാങ്ക് വേധ മിസൈല്‍) തുടങ്ങിയ വിവിധോദ്ദേശ്യ മിസൈലുകളും വികസിപ്പിച്ചെടുത്തു.
1990-കളില്‍, ഉയര്‍ന്ന കൃത്യതയോടെ വാര്‍ഹെഡുകള്‍ എത്തിക്കാന്‍ ശേഷിയുള്ള ക്രൂയിസ് മിസൈലുകള്‍ സൈന്യത്തിന് ആവശ്യമാണെന്ന് മനസിലായി. ക്രൂയിസ് മിസൈലുകള്‍ അവയുടെ സഞ്ചാരപാതയുടെ ഭൂരിഭാഗവും സ്ഥിരമായ വേഗതയില്‍ സഞ്ചരിക്കുന്ന ഗൈഡഡ് മിസൈലുകളാണ്. ദീര്‍ഘദൂരത്തേക്ക് വാര്‍ഹെഡുകള്‍ എത്തിക്കാന്‍ പാരബോളിക് പാത പിന്തുടരുന്ന ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് ഇവ വ്യത്യസ്തമാണ്. 1991-ലെ ഗള്‍ഫ് യുദ്ധത്തില്‍ ക്രൂയിസ് മിസൈലുകളുടെ വിജയകരമായ ഉപയോഗം ഈ ആവശ്യകതയെ കൂടുതല്‍ ശക്തമാക്കി.
റഷ്യയുമായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് ശേഷം, 1998 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ ഒരു കരാര്‍ ഒപ്പുവച്ചു. അന്നത്തെ ഡിആര്‍ഡിഒയുടെ തലവനായിരുന്ന ഡോ. കലാമും റഷ്യയുടെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി എന്‍ വി മിഖൈലോവുമാണ് ഈ കരാറില്‍ ഒപ്പുവച്ചത്. ഈ കരാറാണ് ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്ന് ബ്രഹ്മോസ് എയ്റോസ്പേസ് എന്ന സംയുക്ത സംരംഭം രൂപീകരിക്കുന്നതിലേക്ക് നയിച്ചത്.
CONTENT HIGH LIGHTS; Countries eyeing Brahmos cruise missile?: Indian defense’s diamond weapon; Demand is rising in the world
















