ബിഹാറില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ റോഡരികില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സ്ലിപ്പുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ക്കെതിരെ ഉള്‍പ്പെടെയാണ് നടപടി. മോക് പോളിങ്ങിനായി ഉപയോഗിച്ച സ്ലിപ്പുകളാണ് വഴിയരികില്‍ കണ്ടതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ബിഹാറിലെ സമസ്തിപുര്‍ ജില്ലയിലാണ് വഴിയരികില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും പ്രതിപക്ഷം ഇതില്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിനോട് സംഭവസ്ഥലം സന്ദര്‍ശിക്കാനും എന്താണ് സംഭവിച്ചതെന്ന് അറിയിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് മോക് പോളിങിന്റെ സ്ലിപ്പുകളാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ സത്യസന്ധമായി തന്നെ മുന്നോട്ടുപോകുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.
VVPAT slips found dumped in bihar; official suspended
















