ആയഞ്ചേരി: പഞ്ചായത്ത് ഓഫീസിനടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച റോഡിന്റെ ഫലമായി പി.ഡബ്ല്യു.ഡി. റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ട് പരിഷ്കരണ പ്രവൃത്തി ആരംഭിച്ചു. സ്ഥിരം വെള്ളക്കെട്ട് മൂലം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട സാധ്യത ഉയർന്നതോടെ നാട്ടുകാരും തൊഴിലാളികളും ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ചിലർക്ക് വീണ് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും വിവിധ രൂപത്തിലുള്ള സമരങ്ങൾ നടത്തിയിരുന്നു.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ സ്ഥലം സന്ദർശിച്ചു. തുടർനടപടിയായി എം.എൽ.എയുടെ ക്യാമ്പ് ഓഫീസിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് പ്രശ്ന പരിഹാരത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശിച്ചു. പി.ഡബ്ല്യു.ഡി. തയ്യാറാക്കിയ ₹17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഉടൻ പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും, അതിവേഗം ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.
റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നത്, വശങ്ങളിൽ ഐറിഷ് ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നത്, റോഡിന്റെ ടാറിങ് എന്നിവ ഉൾപ്പെടുന്ന പ്രവർത്തികളാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
















