അഴിയൂർ: ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന മുക്കാളി പ്രദേശത്ത് തിങ്കൾ പുലർച്ചെ ഉണ്ടായ മണ്ണിടിച്ചൽ വലിയ ആശങ്ക സൃഷ്ടിച്ചു. മീത്തലെ മുക്കാളിയിലെ അവധൂതമാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണ് ഇടിഞ്ഞത്. സമീപത്തെ വീടുകൾ അപകട ഭീഷണിയിലായതോടെ നാട്ടുകാരിൽ ഭീതിയേറി.
ദേശീയപാതയുടെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനടുത്താണ് മണ്ണിടിച്ചൽ സംഭവിച്ചത്. ഹൈടെൻഷൻ ലൈൻ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റുകളും തകർന്നുവീഴാൻ സാധ്യതയുള്ള നിലയിലായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് ഈ ഭാഗത്തെ വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി കെ.എസ്.ബി. അധികൃതർ അറിയിച്ചു.
സംഭവസ്ഥലം കെ.കെ. രമ എം.എൽ.എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജയും സന്ദർശിച്ചു. മണ്ണിടിച്ചൽ പ്രശ്നത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചതായും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതായും എം.എൽ.എ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽ വിഷയത്തെ കൊണ്ടുവന്നതായും മറുപടി നടപടികൾക്കായി മന്ത്രി ജില്ലാ കലക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും കെ.പി. ഗിരിജ അറിയിച്ചു.
മണ്ണിടിച്ചലിന് ശാശ്വത പരിഹാരം കണ്ടെത്തണം എന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല വീട്ടുവീതം പരിശോധന നടത്തി അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
















