ഷാർജ: ഷാർജയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും സാംസ്കാരിക ഇടപെടലുകളെക്കുറിച്ചും പറയുന്ന പുതിയ പുസ്തകം – ‘ഷാർജ- ദി കാപ്പിറ്റൽ ഓഫ് കൾച്ചർ’ പ്രകാശിതമായി. ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഹെർ ഹൈനസ് ഷെയ്ഖ ബുദൂർ ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുസ്തകം അനാവരണം ചെയ്യപ്പെട്ടത്. രാജ്യാന്തരതലത്തിൽ പ്രസിദ്ധരായ അസുലിൻ പബ്ലിഷേഴ്സുമായി ചേർന്നാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക മേഖലയിൽ ഷാർജ നടത്തുന്ന ഇടപെടലുകളും പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രവും ലോകവായനക്കാരുടെ മുൻപിലെത്തിക്കുന്ന സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് പുതിയ പുസ്തകം.

വാസ്തുവിദ്യ, കല, വിദ്യാഭ്യാസം, പരിസ്ഥിതി, സാഹിത്യം, മ്യൂസിയങ്ങൾ, കരകൗശലം എന്നിങ്ങനെ ഷാർജയുടെ സാംസ്കാരികമേഖലയിലെ ഏഴ് പ്രധാനമേഖലകളെ കേന്ദ്രീകരിച്ചാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഹാർട്ട് ഓഫ് ഷാർജ, ഹൗസ് ഓഫ് വിസ്ഡം, ഷാർജ മോസ്ക്, മെലീഹ നാഷനൽ പാർക്ക് എന്നീ പ്രധാനകേന്ദ്രങ്ങളും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച ഫായ പാലിയോലാൻഡ്സ്കേപുമെല്ലാം പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു. ഷാർജ രാജ്യാന്തര പുസ്തക മേള, ഷാർജ ബിനാലെ, പബ്ലിഷിങ് സിറ്റി, എമിറേറ്റ്സ് ആർട്സ് ഫൗണ്ടേഷൻ, മറ്റ് കലാസാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചും പുസ്തകത്തിൽ വായിക്കാം.
യുനെസ്കോയുടെ കൾച്ചറൽ കാപ്പിറ്റൽ ഓഫ് അറബ് റീജിയൻ (1998), കാപ്പിറ്റൽ ഓഫ് ഇസ്ലാമിക് കൾച്ചർ (2014), വേൾഡ് ബുക്ക് കാപ്പിറ്റൽ (2019) എന്നീ നേട്ടങ്ങൾ നേടിയ ഷാർജയുടെ വൈവിധ്യമാർന്ന പദ്ധതികളും ഇത്തരം വിഷയങ്ങളിൽ ഭരണാധികാരി നേരിട്ടുനടത്തുന്ന ഇടപെടലുകളുമെല്ലാം പുതിയ പുസ്തകം പറയുന്നുണ്ട്.
“ഷാർജയുടെ സാംസ്കാരിക ഇടപെടലുകളെന്നത് ഒരു തുടർയാത്രയാണ്. ഇന്നലെകളെയും ഇന്നിനേയും കൂട്ടിച്ചേർത്ത് നടക്കുന്ന ഒരു സംഭാഷണം. ഇവിടെ അറിവ് വെളിച്ചമാവുകയും സർഗാത്മകത ഭാഷയാവുകയും സംസ്കാരമെന്നത് ലോകത്തിന്റെ നാനാദിക്കിലുമുള്ള മനുഷ്യരെയും അവരുടെ ആലോചനകളെയും തമ്മിൽ ചേർത്തുവയ്ക്കുന്ന ഒന്നാവുകയും ചെയ്യുന്നു. അസുലിനുമായി ചേർന്നുള്ള ഈ പുസ്തകവും അങ്ങനെ, കലയിലൂടെയും ബൗദ്ധികമായ ഇടപെടലുകളിലൂടെയും കൂടുതൽ അടുക്കുകയും അറിയുകയും ചെയ്യുന്ന ഒരു ലോകത്തിന് വേണ്ടിയുള്ള ശ്രമത്തിന്റെ, ഷാർജയുടെ കാഴ്ചപ്പാടിന്റെ തുടർച്ചയാണ്” – ഹെർ ഹൈനസ് ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
വിദ്യാഭ്യാസം, പുസ്തകസംസ്കാരം എന്നീ വിഷയങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനുള്ള യുനെസ്കോയുടെ ഗുഡ്വിൽ അംബാസിഡറായി ഈയിടെ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്കാരം, വിദ്യാഭ്യാസം, നൂതന ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കി സുസ്ഥിരവികസനകാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കുകയും അതിൽ രാജ്യാന്തരതലത്തിൽ തുടർച്ചായി ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ഷാർജയുടെ ശ്രമങ്ങളുടെ പ്രതിഫലനമാണ് പുതിയ പുസ്തകം.
“സംസ്കാരം, പൈതൃകം, അറിവ് എന്നിങ്ങനെ മൂന്ന് തൂണുകളുടെ കരുത്തിലാണ് ഷാർജയുടെ പുരോഗതി. അതിന്റെ ഉത്തമ പ്രതിനിധാനമാണ് ‘ഷാർജ- ദി കാപ്പിറ്റൽ ഓഫ് കൾച്ചർ’ എന്ന പുസ്തകവും. നേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾ പിന്തുടർന്ന്, അവയെ അറിവും വിനോദവും മൂല്യങ്ങളുമെല്ലാം സമ്മേളിക്കുന്ന പ്രായോഗിക കേന്ദ്രങ്ങളാക്കി രൂപപ്പെടുത്തിയെടുക്കുന്ന ഷുറൂഖിന്റെ ശ്രമങ്ങളും ഇതിൽ പ്രതിഫലിക്കുന്നുണ്ട്. അസുലിനുമായുള്ള സഹകരണത്തിലൂടെ ഷാർജയുടെ സാംസ്കാരിക ഇടപെടലുകളും നേട്ടങ്ങളും ഞങ്ങൾ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയാണ്, സുസ്ഥിരവികസനമൂല്യങ്ങൾ മുൻനിർത്തിയുള്ള യാത്ര തുടരുമെന്ന ഉറപ്പുകൂടിയാണത്” – ചടങ്ങിൽ സംസാരിക്കവെ ഷാർജ നിക്ഷേപവികസന അതോറിറ്റി CEO ഹിസ് എക്സലൻസി അഹ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു.
ഷാർജ പോലെ, സാംസ്കാരിക ഇടപെടലുകൾക്ക് ഇത്രയും മൂല്യം കൊടുക്കുന്ന ഒരു നഗരത്തോട് ചേർന്ന് പ്രവർത്തിക്കാനായതും ഇങ്ങനെയൊരു പുസ്തകം പുറത്തിറങ്ങുന്നതിന്റെ ഭാഗമായതും വലിയ അംഗീകാരമായാണ് കണക്കാക്കുന്നതെന്ന് അസുലിൻ മേധാവി പ്രോസ്പർ അസുലിൻ പറഞ്ഞു.
ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു പുസ്തകം അനാവരണം ചെയ്യപ്പെട്ടത്. ഷാർജ ഗവൺമെന്റ് റിലേഷൻസ് വിഭാഗത്തിന്റെ ചെയർമാൻ ഹിസ് എക്സലൻസി ഷെയ്ഖ് ഫാഹിം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി സിഇഓ ഹിസ് എക്സലൻസി അഹമ്മദ് ബിൻ റക്കാദ് അൽ അമിരി, ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വിഭാഗത്തിന്റെ ചെയർമാൻ ഹിസ് എക്സലൻസി ഖാലിദ് ജാസിം അൽ മിദ്ഫ, ആർക്കിയോളജി അതോറിറ്റി ഡയറക്ടർ ജനറർ ഈസ യുസിഫ് എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിന്റെ ഭാഗമായി.
ഷുറൂഖും അസുലിനും ചേർന്നു പുറത്തിറക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ പുസ്തകമാണ് ‘ഷാർജ – ദി കാപ്പിറ്റൽ ഓഫ് കൾച്ചർ’. നേരത്തെ, മെലീഹയുടെ ചരിത്രവും വർത്തമാനവും കേന്ദ്രീകരിച്ച് ‘മെലീഹ – ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് യുഎഇ’ എന്ന പുസ്തകം 2024 ഷാർജ പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടിരുന്നു. വായനാസമൂഹത്തിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ച ഈ പുസ്തകം പ്രദേശത്തിന്റെ പൗരാണികചരിത്രവും പുരാവസ്തുഖനനങ്ങളെക്കുറിച്ചുമെല്ലാം വിശദമായി അടയാളപ്പെടുത്തിയിരുന്നു.
കലക്ടേഴ്സ് എഡിഷനായി പുറത്തിറക്കിയ പുസ്തകത്തിന്റെ കോപ്പികൾ ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിലും തെരഞ്ഞെടുത്ത രാജ്യാന്തര പുസ്തകകടകളിലും ലഭ്യമാവും.
















