ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കുമുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി. മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള പ്രോട്ടോകോളാണ് പുറത്തിറക്കിയത്. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോപീഡിക്സ് തുടങ്ങിയ 5 സ്പെഷ്യാലിറ്റികള്‍ക്കുള്ള പ്രോട്ടോകോളാണ് ആദ്യഘട്ടമായി പുറത്തിറക്കിയത്. മറ്റ് സ്പെഷ്യാലിറ്റികളുടെ പ്രോട്ടോകോള്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കും.
ഒരു ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ല. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. 2010-11ലാണ് ആദ്യമായി ഒരു റഫറല്‍ പ്രോട്ടോകോള്‍ രൂപീകരിച്ചത്. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യം, ആശുപത്രികളിലെ ഭൗതിക സൗഹചര്യങ്ങളിലെ മാറ്റം, ചികിത്സാ രീതികളിലെ മാറ്റം, പുതിയ രോഗങ്ങള്‍ എന്നിവ പരിഗണിച്ചു കൊണ്ടാണ് സമഗ്ര പ്രോട്ടോകോള്‍ പുറത്തിറക്കിയത്. 2023ല്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും എല്ലാ കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തുമാണ് സമഗ്ര പ്രോട്ടോകോളിന് രൂപം നല്‍കിയത്.
മെഡിക്കല്‍ കോളേജ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വിവിധ തരത്തിലുള്ള സ്പെഷ്യാലിറ്റി ചികിത്സകള്‍ ലഭ്യമാണ്. അതിനാല്‍ എല്ലാ സ്ഥാപനങ്ങളേയും അവിടെ ലഭ്യമായ മാനവ വിഭവശേഷി, സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചു കൊണ്ട് അഞ്ചായി തരം തിരിച്ചിട്ടുണ്ട്. കാറ്റഗറി എ, ബി, സി 1, സി 2, ഡി എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. ഓരോ കാറ്റഗറി സ്ഥാപനത്തിലും എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും എന്തൊക്കെ ചികിത്സകള്‍ നല്‍കണമെന്നും പ്രോട്ടോകോളില്‍ വിശദീകരിച്ചിട്ടുണ്ട്. അവിടെ ചികിത്സയിലുള്ള രോഗിക്ക് എന്ത് അപായ സൂചനകള്‍ കണ്ടാലാണ് റഫറല്‍ ചെയ്യേണ്ടതെന്നും, രോഗ ലക്ഷണങ്ങളനുസരിച്ച് ഏത് ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്യേണ്ടതെന്നും കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
റഫറല്‍, ബാക്ക് റഫറല്‍ പ്രോട്ടോകോള്‍ നടപ്പാകുന്നതോടെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികളിലെ രോഗികളുടെ ബാഹുല്യം കുറയ്ക്കാനാകും. താഴെത്തട്ടിലെ ആശുപത്രികളില്‍ ഉള്ള സൗകര്യങ്ങള്‍ വച്ച് ഏതൊക്കെ ചികിത്സിക്കാമെന്ന് കൃത്യമായി നിര്‍വചിച്ചത് കൊണ്ട് നൂലാമാലകളൊന്നുമില്ലാതെ ഡോക്ടര്‍മാര്‍ക്ക് നിലവിലെ സൗകര്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ കൃത്യതയോടെ ചികിത്സിക്കാനും അതുവഴി റഫറല്‍ കുറയ്ക്കാനും കഴിയുന്നു. രോഗികള്‍ നേരിട്ട് പ്രധാന ആശുപത്രികളില്‍ എത്തുന്നത് കുറയ്ക്കാനും അങ്ങനെ നിലവിലെ എല്ലാ ആശുപത്രികള്‍ക്കും സൗകര്യങ്ങള്‍ക്കനുസരിച്ച് മികച്ച ചികിത്സ ഉറപ്പാക്കാനും സാധിക്കുന്നു.
- റഫറള്‍ പ്രോട്ടോക്കോള്‍ കൊണ്ടു വന്നതെന്തിന് ?
അടുത്ത കാലത്തായി മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളും രോഗികളുടെ അസ്വാഭാവിക മരണങ്ങളുമാണ് ആരോഗ്യ വകുപ്പിനെയും മന്ത്രിയെയും റഫറല്‍ പ്രോട്ടോക്കോള്‍ പുതിക്കി അവതരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഇപ്പോവുള്ള പ്രോട്ടോക്കോള്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ വേണ്ടിയാണോ എന്നത് വളരെ സംശയാസ്പദമായതാണ്. കാരണം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊല്ലം സ്വദേഷി വേണു കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പ്രസവത്തെ തുടര്‍ന്ന് അണുബാധയേറ്റ് എസ്.എ.ടി ആശുപത്രിയില്‍ ശിവപ്രിയയും മരണപ്പെട്ടിരുന്നു. ഇത് രണ്ടും ആരോഗ്യ വകുപ്പിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. വേണുവിന്റെ മരണത്തെ തുടര്‍ന്ന് ശബ്ദരേഖ പുറത്തു വന്നതും, വേണുവിന്റെ ഭാര്യയുടെ പരാതിയും ആരോഗ്യ മേഖളയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു.
മെഡിക്കല്‍ കോളജില്‍ കൈക്കൂലിക്കാരാണെന്നും, തനിക്ക് ഒരു വിധ ചികിത്സയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദികള്‍ ആരോഗ്യ വകുപ്പിന്റെ നിസംഗതയും ഡോക്ടര്‍മാരുടെ കൈക്കൂലിയുമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ശബ്ദരേഖ. മരണ മൊഴിയായി ഈ ശബ്ദരേഖയെ കണ്ടാല്‍, കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാകും. ഇത് മറയ്ക്കാനും, സിസ്റ്റത്തെ രക്ഷിക്കാനുമാണ് പ്രോട്ടോക്കോള്‍ പുതുക്കിയത്. മെഡിക്കല്‍ കോളജുകളിലെ തിരക്ക് ഒഴിവാക്കാകയാണ് ലക്ഷ്യം. എന്നാല്‍, ജില്ലാ ജനറല്‍ ആശുപത്രി വരെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ കഴിയാതെ വരികയോ, അവിടെയുള്ള സംവിധാനങ്ങള്‍ ഒരു ജീവന്‍
നിലനിര്‍ത്താന്‍ പര്യാപ്തമല്ലാതെ വരികയോ, അവിടെ ഡോക്ടര്‍മാരുടെ അഭാവമോ, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് രോഗികളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത്. മാത്രമല്ലവ, മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളെ അവിടെ ചികിത്സിക്കാന്‍ മാത്രം രോഗ കാഠിന്യം ഉണ്ടെങ്കില്‍ മാത്രമേ കിടത്തി ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകൂ. അല്ലാത്ത രോഗികളെയും, ചികിത്സ കിട്ടിയ ശേഷം രോഗം മാറുനവ്‌ന ഘട്ടമായ രോഗികളെയും ജനറല്‍ ഹോസ്പിറ്റല്‍ പോലുള്ള ആസുപത്രികളിലേക്ക് മെഡിക്കല്‍ കോളജില്‍ നിന്നും റഫര്‍ ചെയ്തു വിടുന്നുണ്ട് എന്നതും മറന്നു പോകരുത്. മെഡിക്കല്‍ കോളജിലേക്ക് രോഗികളെ കൊണ്ടു വരുന്നത്, വിശ്വാസത്തിന്റെ കൂടി പ്രശ്‌നമാണ്. മറ്റു ആശുപത്രികളില്‍ മെഡിക്കല്‍ കോളിജിനു
സമമായ ചികിത്സയും പരിചരണവും, സംവിധാനങ്ങളും ഉണ്ടെങ്കില്‍ ചികിത്സയിലും വിശ്വാസം ഉണ്ടാകുമായിരുന്നു. എന്നാല്‍, ചികിത്സയില്‍ വിശ്വാസമില്ലെങ്കിലും, ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ പാലിക്കണമെന്നതാണ് ജനങ്ങളോട് മന്ത്രിയും സര്‍ക്കാരും പറയുന്നത്. ഇത് രോഗികളെ കൊല്ലാനാണോ, അതോ സിസ്റ്റം നല്ലതാണെന്ന് കാണിക്കാനാണോ. എന്തായാലും സിസ്റ്റം വളരെ മോശമാണെന്ന് ജനം പറയുമ്പോള്‍ ജനപ്രതിനിധി കൂടിയായ മന്ത്രി സിസ്റ്റത്തെ സംരക്ഷിച്ച് ജനങ്ങളെ വിദഗ്ദ്ധ ചികിത്സ കിട്ടുന്ന ഇഠത്തു നിന്നും മാറ്രുകയാണ് പ്രോട്ടോക്കോള്‍ ശക്തിപ്പെടുത്തിക്കൊണ്ട് ചെയ്യുന്നത്.
CONTENT HIGH LIGHTS; To kill or to treat?: Government releases comprehensive referral protocol for hospitals; Why was the referral protocol introduced?
















