തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പ്രതിമാസം 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് അപേക്ഷ നൽകണമെന്ന് ഉത്തരവിൽ പറയുന്നു. നിലവിൽ മറ്റ് സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതികളിലൊന്നും അംഗമല്ലാത്ത, 35-നും 60-നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ അവസരം. ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്.
- അർഹതാ മാനദണ്ഡങ്ങൾ
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷകർ പാലിക്കേണ്ട പ്രധാന വ്യവസ്ഥകൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷിക്കുന്നവർ മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കൾ ആകരുത്. കൂടാതെ, റേഷൻ കാർഡ് മാനദണ്ഡപ്രകാരം അന്ത്യോദയ അന്നയോജന (AAY – മഞ്ഞ കാർഡ്) അല്ലെങ്കിൽ മുൻഗണനാ വിഭാഗത്തിൽ (PHH – പിങ്ക് കാർഡ്) ഉൾപ്പെടുന്നവരായിരിക്കണം. 60 വയസ്സ് പൂർത്തിയാകുന്നതോടെ ഗുണഭോക്താവ് പദ്ധതിയിൽ നിന്ന് പുറത്താകും. പദ്ധതിക്ക് അർഹതയുള്ളവർ സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവരായിരിക്കണം.
- അയോഗ്യതകൾ
വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ തുടങ്ങിയ സാമൂഹ്യക്ഷേമ പെൻഷനുകൾ, സർവീസ് പെൻഷനുകൾ, കുടുംബ പെൻഷനുകൾ, ക്ഷേമ നിധി ബോർഡ് പെൻഷനുകൾ, ഇ.പി.എഫ്. പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാനത്തിനകത്ത് നിന്ന് താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസുകളിൽ (സ്ഥിരം/കരാർ) നിയമനം ലഭിക്കുകയോ ചെയ്താൽ ആനുകൂല്യത്തിനുള്ള അർഹത ഇല്ലാതാകും. അന്ത്യോദയ അന്നയോജന/മുൻഗണനാ റേഷൻ കാർഡുകൾ നീല, വെള്ള റേഷൻ കാർഡുകളായി തരം മാറ്റപ്പെടുന്ന പക്ഷവും അർഹത നഷ്ടപ്പെടും.
- അപേക്ഷയും മറ്റു നടപടിക്രമങ്ങളും
പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ, അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ് പ്രായം തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാം. എല്ലാ ഗുണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നൽകണം. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാൻഡ് ചെയ്യപ്പെടുകയോ ജയിലിൽ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം ആ കാലയളവിലെ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ, ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള വാർഷിക മസ്റ്ററിങ് ഉണ്ടായിരിക്കും. അനർഹമായി ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിന്ന് തുക 18% പലിശ സഹിതം തിരികെ ഈടാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
















