കോളിളക്കം സൃഷ്ടിച്ച നിഥാരി പരമ്പര കൊലപാതകക്കേസുകളിലെ പ്രതിയായ സുരേന്ദ്ര കോലിയെ സുപ്രീംകോടതി ഇന്ന് കുറ്റവിമുക്തനാക്കി. 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന അവസാനത്തെ കേസിലാണ് ചീഫ് ജസ്റ്റിസ് ആർ.ബി.ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വിട്ടയക്കാൻ ഉത്തരവിട്ടത്. ഇതോടെ നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോലിക്കെതിരെ ചുമത്തിയിരുന്ന എല്ലാ കേസുകളിൽ നിന്നും കുറ്റവിമുക്തനായിയിരിക്കുകയാണ്. കോലിയെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. മൊത്തം 13 കൊലപാതകക്കേസുകളാണ് കോലിക്കെതിരെ ചുമത്തിയിരുന്നത്.
നോയിഡയിലെ നിഥാരി ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകങ്ങൾ ലോകമറിയുന്നത് 2006 ഡിസംബറിലാണ്. വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥർ എന്നയാളുടെ വീട്ടിലെ ഓടയിൽ നിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പാന്ഥറിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി. മൊനീന്ദറിന്റെ വീടിനടുത്തുള്ള അഴുക്കുചാലിൽ നിന്ന് പിന്നീട് തലയോട്ടി ഉൾപ്പെടെ 19 അസ്ഥികൂടങ്ങൾ പൊലീസ് കണ്ടെടുത്തു. ഇവയിലൊന്ന് കാണാതായ 10 വയസ്സുകാരിയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. നിരവധി കുട്ടികളെയും യുവതികളെയും നോയിഡയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും പിന്നീട് അഴുക്കുചാലിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. സംഭവത്തിൽ മൊനീന്ദറിനെയും കോലിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കേസ് പിന്നീട് സി.ബി.ഐ.ക്ക് കൈമാറി. കുട്ടികളെ കാണാതായ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ചണ്ഡീഗഡ് സ്വദേശിയായ വ്യവസായിയായ മൊനീന്ദർ സിങ് പാന്ഥർ നോയിഡ സെക്ടർ 31ലെ ഡി ബ്ലോക്കിലെ അഞ്ചാം നമ്പർ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെവച്ചാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് കേസ്. തുടക്കത്തിൽ, ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ, കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായത് 2023 ഒക്ടോബറിലാണ്. അന്ന് അലഹബാദ് ഹൈക്കോടതി 12 കൊലപാതകക്കേസുകളിൽ കോലിയെയും രണ്ട് കേസുകളിൽ മൊനീന്ദറിനെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇപ്പോൾ 13-ാമത്തെ കേസിലും സുപ്രീംകോടതിയുടെ വിധി വന്നതോടെ സുരേന്ദ്ര കോലിക്ക് ജയിൽമോചിതനാകാൻ വഴിതെളിഞ്ഞു.
















