ചെന്നൈ: നടൻ ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. സിനിമയുടെ റിലീസ് തടയണമെന്നാണ് ആവശ്യം. ചിത്രത്തില്‍ എം.കെ. ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് നടപടി.
ത്യാഗരാജഭാഗവതരുടെ കുടുംബമാണ് ഹര്‍ജിക്കാര്‍. ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 18-ന് കേസ് വീണ്ടും പരിഗണിക്കും.
സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനംചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നീ ബാനറുകള്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാഡ്ഡി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് നിര്‍മാതാക്കള്‍. ചിത്രം വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്നത്.
ടി.കെ. മഹാദേവന്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















