വിശ്വാസങ്ങളുടെ പേരിൽ നടത്തുന്ന അനുഷ്ഠാനങ്ങൾ പലപ്പോഴും അന്യായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം ഒരു ദുരന്തം അടുത്തിടെ ചൈനയിൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഒരു കൂട്ടം ബുദ്ധമത വിശ്വാസികൾ നടത്തിയ മതപരമായ ഒരു ചടങ്ങ് വലിയ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
ആത്മീയ പുണ്യത്തിനായി ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഒരു റിസർവോയറിന് സമീപം ബന്ദികളാക്കപ്പെട്ട 1,100-ൽ അധികം പൂച്ചകളെ തുറന്നു വിടുകയായിരുന്നു. ബന്ധനസ്ഥരായ മൃഗങ്ങളെ മോചിപ്പിക്കുന്നതിലൂടെ ആത്മീയ പുണ്യം നേടാമെന്ന ബുദ്ധമത വിശ്വാസത്തിൽ അധിഷ്ഠിതമായ ചടങ്ങായിരുന്നു ഇത്. പൂച്ചകൾ, പക്ഷികൾ, ആമകൾ. മത്സ്യങ്ങൾ തുടങ്ങിയ ജീവികളെയും ഈ ചടങ്ങിന്‍റെ ഭാഗമായി തുറന്ന് വിടാറുണ്ട്. അതേസമയം ഈ ചടങ്ങുകൾക്കെതിരെ കഴിഞ്ഞ കുറച്ച് കാലമായി വലിയ വിമർശനമാണ് ഉയരുന്ന്.
ക്വിങ്‌യുവാൻ നഗരത്തിലെ യിങ്‌സൂയി റിസർവോയറിലാണ് സംഭവം നടന്നത്. 1,120 പൂച്ചകളെ പത്തോളം പേരടങ്ങിയ സംഘം സ്വതന്ത്രരാക്കി. ഇതിനായി ഇവർക്ക് ഏതാണ്ട് നാല് ലക്ഷത്തോളം രൂപ ചെലവായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തുറന്നുവിട്ട ഉടൻ പൂച്ചകൾ പലതും പരിഭ്രാന്തരായി പരക്കം പായാന്‍ ആരംഭിച്ചു. പരിപാടിയിൽ ചിലത് മരങ്ങളിൽ കയറി, ചിലത് വെള്ളത്തിലേക്ക് ചാടിനീന്താൻ ശ്രമിച്ചതായി പറയുന്നു. പല പൂച്ചകളും മറുകര പിടിക്കാനാകാതെ വെള്ളത്തിൽ മുങ്ങി മരിച്ചു. സംഭവം കണ്ട പ്രദേശവാസികൾ രക്ഷാപ്രയത്നം നടത്തി, പക്ഷേ കാര്യമായ ഫലം ലഭിച്ചില്ല.
പരിപാടി ക്രിമിനൽ ഉദ്ദേശമില്ലാതെ നടന്നതായാണ് അധികൃതർ പറയുന്നത്. മുൻപും സമാനമായ ചടങ്ങുകൾ ഇവർ നടത്തിയിട്ടുണ്ട്. എന്നാൽ മൃഗങ്ങൾക്ക് അനാവശ്യ ദുരിതം വരുത്തിയതിനും പ്രാദേശിക ആവാസവ്യവസ്ഥ തകർത്തതിനും ഈ സംഭവം വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കി. വിവിധ മൃഗസ്നേഹ സംഘടനകൾ ചടങ്ങ് അപലപിച്ചിരിക്കുകയാണ്. ചിലർ മൃഗങ്ങളെ ബന്ദികളാക്കി വെച്ച് മോചിപ്പിക്കുന്ന ധാർമ്മികത തന്നെ ചോദ്യം ചെയ്യുന്നു.
















