ലോകമെമ്പാടും ആരാധകരുള്ള ഇതിഹാസ താരമാണ് ജാക്കി ചാൻ. ഇപ്പോഴിതാ താരത്തിന്‍റെ വ്യാജ മരണവാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ധർമ്മേന്ദ്രയ്ക്ക് പിന്നാലെ ആണ് നടൻ ജാക്കി ചാനും മരിച്ചതായി അഭ്യൂഹങ്ങൾ പരക്കുന്നത്. പണ്ടത്തെ പരിക്കുകൾ ആരോഗ്യപ്രശ്നങ്ങളായെന്നും 71കാരനായ നടൻ മരിച്ചുവെന്നുമാണ് എക്സും ഫേസ്ബുക്കും അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്നുത്.
ഹൃദയഭേദകമായ ഈ നഷ്ടം ജാക്കി ചാന്‍റെ കുടുംബം സ്ഥിരീകരിച്ചുവെന്ന് പോലും വൈറലായ പോസ്റ്റുകളിൽ പറഞ്ഞിരുന്നു. പക്ഷേ പൂർണആരോഗ്യവാനായ ജാക്കി ചാൻ അടുത്ത സിനിമയുടെ തയ്യാറെടുപ്പിലാണ്. സിനിമാ സെറ്റുകളിൽ പതിറ്റാണ്ടുകളായി ഏറ്റ പരിക്കുകളുടെ സങ്കീർണതകളുമായി പോരാടി 71കാരനായ ജാക്കി ചാൻ അന്തരിച്ചു എന്ന തരത്തിലായിരുന്നു പോസ്റ്റുകൾ. മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നുവെന്നും അസുഖത്തെ തുടർന്നാണ് മരിച്ചതെന്നും ചിലർ അവകാശപ്പെട്ടു.
ഇത് അതിവേഗം വൈറലായി. നിരവധി ആരാധകർ ആദരാഞ്ജലികൾ അർപ്പിക്കുകയും ദുഖം രേഖപ്പെടുത്തുകയും ചെയ്തപ്പോൾ മറ്റുചിലർ സംശയം പ്രകടിപ്പിച്ചു. ‘ജാക്കി ചാൻ ശരിക്കും മരിച്ചോ അതോ നിങ്ങൾ കബളിപ്പിക്കുകയാണോ, എന്തിനാണ് ജാക്കി ചാൻ മരിച്ചുവെന്ന് പോസ്റ്റ് ചെയ്തത്? എന്‍റെ ദിവസം നശിപ്പിച്ചു തുടങ്ങിയ കമന്റുകളും വന്നു. നടൻ ഇതാദ്യമായല്ല വ്യാജ മരണവാർത്തകൾക്ക് ഇരയാകുന്നത്. 2015ലും സമാനമായ വ്യാജവാർത്തകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. അന്ന് ജാക്കി ചാൻ നേരിട്ടെത്തി പ്രതികരിക്കുകയായിരുന്നു.
ഒരു സ്റ്റണ്ട്മാനിൽ നിന്ന് ആഗോള സൂപ്പർതാരത്തിലേക്കുള്ള ജാക്കി ചാന്‍റെ വളർച്ച ശ്രദ്ധേയമാണ്. ഹോങ്കോങ്, ചൈന, ഹോളിവുഡ് എന്നിവിടങ്ങളിലായി 200-ലധികം സിനിമകളിൽ ചാൻ അഭിനയിച്ചിട്ടുണ്ട്. പരമ്പരാഗത ആയോധനകല സിനിമകളിൽ നിന്ന് മാറി അപകടകരമായ ആക്ഷൻ രംഗങ്ങളെ കോമഡിയുമായി സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം തന്‍റേതായ ഒരു ശൈലി വികസിപ്പിച്ചു. ലോകത്തിലെ ഏറ്റവും അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ചാൻ. അദ്ദേഹം മിക്കപ്പോഴും ഡ്യൂപ്പുകളെ ഉപയോഗിക്കാറില്ല. ഈ സിനിമകൾ ചെയ്യുമ്പോൾ അദ്ദേഹത്തിന് നിരവധി തവണ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്നേക്ക് ഇൻ ദി ഈഗിൾസ് ഷാഡോ (1978), ഡ്രങ്കൺ മാസ്റ്റർ (1978) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ്.
ആയോധനകലകൾ, രസകരമായ ഭാവങ്ങൾ, ധീരമായ സ്റ്റണ്ടുകൾ എന്നിവക്ക് പേരുകേട്ട അദ്ദേഹം 50 വർഷത്തിലേറെയായി ആരാധകരെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡ്രങ്കൺ മാസ്റ്റർ, പൊലീസ് സ്റ്റോറി, റഷ് അവർ, ദി കരാട്ടെ കിഡ് തുടങ്ങിയ ഹിറ്റ് സിനിമകൾ ജാക്കി ചാനെ ആഗോള സൂപ്പർസ്റ്റാറാക്കി. കോമഡിയും ആക്ഷനും ഫ്ലെക്സിബിളായി ചെയ്യുന്നതിനാൽ എല്ലാ പ്രായത്തിലുമുള്ള ഫാൻസും ജാക്കി ചാനുണ്ട്.
















