തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കുപ്രസിദ്ധമായ മ്യാന്‍മാറിലെ തെക്ക്-കിഴക്കന്‍ പ്രദേശമായ മ്യാവാഡി ടൗണ്‍ഷിപ്പിലുള്ള കെ.കെ പാര്‍ക്ക് സൈബര്‍ കുറ്റകൃത്യ കേന്ദ്രത്തില്‍ നിന്നും തായ്‌ലന്റിലേയ്ക്ക് രക്ഷപ്പെട്ടവരില്‍ 26 വനിതകളുള്‍പ്പെടെ 578 ഇന്ത്യക്കാരെ ഡല്‍ഹിലെത്തിച്ചു. 2025 നവംബര്‍ 6 നും, 10 നും ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തായ്‌ലന്റിലെ മെയ് സോട്ടില്‍ നിന്നും ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിച്ചവരില്‍ 15 പേര്‍ മലയാളികളാണ്. ഇവരില്‍ ആദ്യ വിമാനത്തിലെത്തിയ ഒരാളെ കഴിഞ്ഞദിവസം നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു.
ബാക്കിയുളള 14 പേരെ ഇന്ന് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തിക്കും. ഒക്ടോബറില്‍ മ്യാന്‍മാര്‍ സൈന്യം കെ.കെ. പാര്‍ക്ക് സമുച്ചയത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് തായാലന്റില്‍ എത്തിയത്. തുടര്‍ന്ന് അനധികൃതമായി പ്രവേശിച്ചതിന് ഇവര്‍ തായാലന്റ് അധികൃതരുടെ പിടിയിലുമായി. തുടര്‍ന്ന് ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയുടേയും ചിയാങ്ങ് മായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇടപെടലില്‍ തായ്ലന്‍ഡ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇവരെ നാട്ടിലെത്തിച്ചത്.
വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ വഴി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ മ്യാന്‍മാര്‍ തായലന്റ് അതിര്‍ത്തി മേഖലയിലെ വ്യാജ കോള്‍ സെന്ററുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ (സ്‌കാമിങ്ങ്) ചൂതാട്ടം, കളളപ്പണ ഇടപാടുകള്‍, ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകള്‍, നിക്ഷേപ തട്ടിപ്പുകള്‍ എന്നിവ ഉള്‍പ്പെടെ ചെയ്യാന്‍ നിര്‍ബന്ധിതരായി കുടുങ്ങിയവരാണ് തിരിച്ചെത്തിയവര്‍. മ്യാന്‍മാര്‍ സൈന്യം കെ.കെ. പാര്‍ക്ക് സമുച്ചയത്തില്‍ നടത്തിയ റെയ്ഡില്‍ 445 വനിതകള്‍ ഉള്‍പ്പെടെ 2200 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്,
മനുഷ്യക്കടത്ത് എന്നിവക്കെതിരെ നോര്‍ക്ക ഓപ്പറേഷന്‍ ശുഭയാത്രയിലൂടെ പരാതിപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാം. അംഗീകാരമുളള ഏജന്‍സികള്‍ വഴിയോ നിയമപരമായോ മാത്രമേ പഠനത്തിനോ ഉദ്യോഗത്തിനോ വിദേശരാജ്യത്തേയ്ക്ക് യാത്രകള്‍ ചെയ്യാവൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്ബ്‌പോര്‍ട്ടല്‍ (www.emigrate.gov.in) മുഖേന റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് ലൈസന്‍സുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
CONTENT HIGH LIGHTS; Employment scam: 15 Malayalis among those brought to Delhi from Thailand so far
















