ശബരിമല സ്വർണം പൂശിയ കട്ടിളപ്പാളി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. കേസിൽ മൂന്നാം പ്രതിയാണ് വാസു. കമ്മീഷണറായിരിക്കെ, ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി പദ്ധതിയുടെ സ്പോൺസറായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിക്ക് അത് കൈമാറിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വർണം പൂശിയ ശേഷം അധികം വന്ന സ്വർണം സ്പോൺസറുടെ കൈവശമുണ്ടെന്ന വിവരം ലഭിച്ചിട്ടും വാസു നടപടിയെടുക്കാൻ തയ്യാറായില്ല എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം.
സ്വർണക്കൊള്ള നടന്ന 2019-ൽ എൻ. വാസുവായിരുന്നു ദേവസ്വം ബോർഡ് കമ്മീഷണർ. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ‘ചെമ്പാണെന്ന്’ രേഖപ്പെടുത്താൻ 2019 മാർച്ച് 19-ന് വാസു നിർദേശം നൽകിയെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് അദ്ദേഹത്തെ കേസിൽ മൂന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. മാർച്ച് 31-ന് അദ്ദേഹം കമ്മീഷണർ സ്ഥാനത്തുനിന്ന് മാറിയിരുന്നു. പിന്നീട് എ. പത്മകുമാറിന് ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റായും അദ്ദേഹം ചുമതലയേറ്റു.
ബോർഡ് പ്രസിഡന്റായിരിക്കെയാണ് വിവാദമായ ഇ-മെയിൽ സന്ദേശം വാസുവിന് ലഭിക്കുന്നത്. സ്വർണം പൂശൽ ജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും അത് ഒരു പെൺകുട്ടിയുടെ വിവാഹ ആവശ്യത്തിനായി ഉപയോഗിക്കട്ടെയെന്നും ചോദിച്ചുകൊണ്ട് സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി അയച്ചതായിരുന്നു ഈ സന്ദേശം. എന്നാൽ, ഇത് സംബന്ധിച്ച് വാസു നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇ-മെയിൽ ലഭിച്ചപ്പോൾ താൻ അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും പിന്നീട് അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അധികം വന്ന സ്വർണം സ്പോൺസറുടെ പക്കലുണ്ടെന്നറിഞ്ഞിട്ടും അത് തിരികെ പിടിക്കുന്നതിനോ നിയമനടപടികൾ സ്വീകരിക്കുന്നതിനോ എൻ. വാസു തയ്യാറായില്ലെന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. കേസിൽ നേരത്തെ അറസ്റ്റിലായ മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്.ഐ.ടി സംഘം എൻ. വാസുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ കേസിലെ നിർണ്ണായക വഴിത്തിരിവായാണ് അദ്ദേഹത്തിന്റെ അറസ്റ്റിനെ അന്വേഷണ സംഘം കാണുന്നത്.
















