‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിലെ സുബാഷ് എന്നകഥാപാത്രത്തെ മലയാളികൾക്ക് അത്ര വേഗം മറക്കാനാകില്ല. ഇപ്പോഴിതാ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയ്ക്ക് ആധാരമായ യഥാർഥ കഥയിലെ നായകൻ സുഭാഷ് ചന്ദ്രൻ പൊതുരംഗത്തേക്ക് ഇറങ്ങുകയാണ്. ഏലൂർ നഗരസഭയിലെ 27-ാം വാർഡിലാണ് കോൺഗ്രസ് സ്ഥാനാർഥിയായി സുഭാഷ് മത്സരിക്കുന്നത്.
ഗുഹയുടെ ആഴങ്ങളിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ച മഞ്ഞുമ്മൽ സ്വദേശിയായ സുഭാഷ്, ഇനി സ്വന്തം നാടിനെ സേവിക്കാനായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുകയാണ്. 2006-ൽ കൊടൈക്കനാലിലെ ഗുണ ഗുഹയിൽ വീഴുകയും, സുഹൃത്തുക്കളുടെ അവിശ്വസനീയമായ രക്ഷാപ്രവർത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത സുഭാഷിൻ്റെ ജീവിതമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ ഇതിവൃത്തം. കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് സുഭാഷിന്റെ രാഷ്ട്രീയ പ്രവേശനം. അച്ഛനും അമ്മയും ഐഎൻടിയുസി യൂണിയൻ പ്രവർത്തകരാണെന്നും നാട്ടിലെ ചില സാമൂഹിക പ്രശ്നങ്ങളോടുള്ള പ്രതിഷേധമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത് എന്നും സുഭാഷ് പറയുന്നു.
‘‘ഇനി സമൂഹത്തിൽ ഉയർച്ചകൾ നേരിടാൻ വേണ്ടി പോരാടാൻ പോവുകയാണ്. എന്റെ അച്ഛൻ ഐഎൻടിയുസി പ്രവർത്തകൻ ആയിരുന്നു. ലോഡിങ് തൊഴിലാളി ആയിരുന്നു. അച്ഛൻ മരിച്ചുപോയി. അതിനു ശേഷം അമ്മയാണ് എന്നെ നോക്കിയത്. അമ്മയും ഐഎൻടിയുസി യൂണിയൻ പ്രവർത്തകയാണ്. ചെറുപ്പം മുതൽ ഞങ്ങൾ കോൺഗ്രസ് പ്രവർത്തകരാണ്. ഈ അടുത്തകാലത്ത് ഈ ‘മഞ്ഞുമ്മൽ’ പ്രദേശത്ത് ഒരു ബവ്റിജസ് ഷോപ്പ് കൊണ്ട് സ്ഥാപിച്ചു.
സിനിമ കണ്ട എല്ലാവർക്കും അറിയാം, ഇവിടെ ഞങ്ങൾ എല്ലാവരും കൂട്ടമായി താമസിക്കുന്ന സ്ഥലമാണ്. ഈ ബവ്റിജസ് ഷോപ്പ് ഇവിടെയുള്ള സമാധാന അന്തരീക്ഷത്തിന് തടസമാണ്. അതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിക്ഷേധം നടത്തുകയുണ്ടായി. കൃത്യമായ പാർക്കിങ് ഇല്ലാതെ ബിൽഡിങ്ങിന് അനുമതി കൊടുത്തു. ഞങ്ങളുടെ പോരാട്ടങ്ങൾക്ക് ന്യായമായ വിശദീകരണം തന്നില്ല. ഇവിടുത്തെ അമ്മമാരും ചേട്ടന്മാരും പാർട്ടിയിലെ സഹപ്രവർത്തകരും ഇവിടെ സുഭാഷ് തന്നെ നിൽക്കണം എന്ന് നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ നിൽക്കാൻ തീരുമാനിച്ചത്.
അപ്പോൾ ഞാനും വിചാരിച്ചു നമ്മുടെ നാട്ടിലെ സാമൂഹ്യമായ പ്രശ്നത്തിൽ എന്തുകൊണ്ട് ഇടപെട്ടുകൂടാ. ഇവിടുത്തെ നാടിന്റെ പിന്തുണ എനിക്കുണ്ട്. ‘മഞ്ഞുമ്മൽ ബോയ്സ്’ മുഴുവൻ എനിക്കൊപ്പം ഉണ്ട്. ഒന്നുരണ്ടുപേർ അവരുടെ വ്യക്തിപരമായ രാഷ്ട്രീയ ചായ്‌വുകളുണ്ട് എങ്കിലും അവർ എനിക്ക് മാനസിക പിന്തുണ തന്നുകഴിഞ്ഞു. സിനിമയിൽ അഭിനയിച്ച എല്ലാവരെയും അറിയിച്ചു, അവരെല്ലാം നല്ല പിന്തുണ വാഗ്ദാനം ചെയ്തു. അവരെല്ലാം ഷൂട്ടിങ് തിരക്കിൽ ആണ് എങ്കിലും ചിലപ്പോൾ ഒരു സെലിബ്രിറ്റി ഇവിടെ എത്തിയേക്കാം. ഇവർ എന്നിൽ അർപ്പിച്ച വിശ്വാസം തെറ്റിയില്ല എന്ന് ഞാൻ തെളിയിക്കും. വിജയിക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്.’’– സുഭാഷ് പറയുന്നു.
















