ഇന്നലെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം ആണെന്ന് വിലയിരുത്തി എൻഐഎ. സ്ഥലത്ത് ഫോറെൻസിക്ക് സംഘമെത്തി പരിശോധനകൾ തുടരുകയാണ്. കൂടുതൽ സൈനികരെ കൂടി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഡോക്ടർ ഷഹീൻ, ഡോക്ടർ മുസമ്മിൽ, ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഡോക്ടർ ഉമർ മുഹമ്മദ് എന്നിവർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിൽ ഡൽഹി പൊലീസും പരിശോധന നടത്തുന്നു. ഇവിടെ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തു. വെള്ളകോളർ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകൻ ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ മുൻ ഫാർമസിസ്റ്റ് മൗലവി ഇർഫാനെന്ന് ഏജൻസികൾക്ക് വിവരം ലഭിച്ചു.
ഹരിയാന രജിസ്ട്രേഷനിലുള്ള ഐ-ട്വന്റി കാറാണ് ഇന്നലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത്. 2014 മാർച്ചിൽ ഗുരുഗ്രാം സ്വദേശി വാങ്ങിയ കാർ പലവട്ടം കൈമാറിയാണ് കഴിഞ്ഞ ദിവസം ഡോക്ടർ ഉമർ മുഹമ്മദിന്റെ കയ്യിലെത്തിയത്. ഡൽഹിയിൽ എത്തിയതിന് പിന്നാലെ കാർ മൂന്ന് മണിക്കൂർ സമയമാണ് ചെങ്കോട്ടയ്ക്ക് സമീപം പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടത്. അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട 8 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയിലുള്ളത് മുപ്പതിലേറെ പേരാണ്.ഇവരിൽ ആറ് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
STORY HIGHLIGHT: Delhi Red fort blast; Investigation team conform its suicide attack
















