കൗൺസിലർ പദവിയെന്ന സ്വപ്നം പാതിവഴിയിൽ വാടിക്കരിഞ്ഞപ്പോൾ, മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് ഇനി സോഷ്യൽ മീഡിയയുടെ വക ഒരു ‘പുതിയ ചിഹ്നം’. ‘ചെമ്പരത്തി പൂവേ ചൊല്ലു ദേവനെ നീ കണ്ടോ’ എന്ന ഗാനം പാടി കയ്യടി നേടിയ വൈഷ്ണക്ക് നേരെ പരിഹാസത്തിന്റെ പേമാരിയാണ് ഇപ്പോൾ. “ആ ചെമ്പരത്തി പൂവെടുത്തു രണ്ടു ചെവിയിലും വെച്ചോ”, “ഇനി ചെമ്പരത്തി പൂവും വെച്ച് കൊണ്ട് നടക്കേണ്ടി വരുമല്ലോ” എന്നിങ്ങനെയാണ് സൈബർ ലോകത്തു ട്രോളുകൾ കൊണ്ട് നിറയുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന വിശേഷണവുമായി വന്ന വൈഷ്ണ സുരേഷിനെ, സിപിഎം പരാതിയെ തുടർന്ന് വോട്ടർപട്ടികയിൽ നിന്ന് നീക്കിയതോടെയാണ് ഈ പരിഹാസങ്ങൾക്കെല്ലാം തുടക്കമായത്.
തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന നിലയിൽ വൈഷ്ണ സുരേഷ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യഘട്ടത്തിൽ, വാർഡിലെ വോട്ടർമാരുടെ ശ്രദ്ധ നേടാൻ വോട്ട് പിടിക്കുന്നതിനിടെയാണ് വൈഷ്ണ ആവേശത്തോടെ ശ്യാമ എന്ന സിനിമയിലെ ചെമ്പരത്തിപ്പൂവേ ചൊല്ലു ഗാനം ആലപിച്ചതും, അത് വൈറലായതും. എന്നാൽ, രണ്ടാം ഘട്ടത്തിൽ, സിപിഎം നൽകിയ പരാതിയെ തുടർന്ന് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കിയതോടെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിന് വിലങ്ങ് വീഴുകയായിരുന്നു. ഇതോടെ, ആവേശത്തോടെ പാടിയ പാട്ട് തന്നെ ഇപ്പോൾ രാഷ്ട്രീയ എതിരാളികൾക്കും ട്രോളന്മാർക്കും പരിഹസിക്കാനുള്ള ആയുധമായി മാറിയിരിക്കുകയാണ്.
മുട്ടട വാർഡിലെ സപ്ലിമെന്ററി വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന വൈഷ്ണ സുരേഷിന്റെ പേരാണ് സിപിഎം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തത്. കൗൺസിലിലേക്ക് മത്സരിക്കുന്നതിന് കോർപറേഷനിലെ ഏതെങ്കിലും ഒരു വാർഡിലെ വോട്ടർപട്ടികയിൽ പേരുണ്ടായിരിക്കണം എന്ന ചട്ടം നിലനിൽക്കെ, കമ്മീഷന്റെ ഈ നടപടി വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിന് കനത്ത തിരിച്ചടിയായി. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നായിരുന്നു സിപിഎമ്മിന്റെ പ്രധാന ആരോപണം.
സിപിഎം പരാതിയിൽ ആരോപിച്ച കെട്ടിടത്തിൻ്റെ ടിസി നമ്പർ 18/ 564 തെറ്റാണെന്നും, താൻ നിലവിൽ താമസിക്കുന്ന വീടിൻ്റെ നമ്പർ ടിസി 18/ 2365 ആണെന്നുമാണ് വൈഷ്ണയുടെ വിശദീകരണം. അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന തൻ്റെ പിതാവിൻ്റെ കുടുംബവീട് മുട്ടട വാർഡിലാണ്. ഈ മേൽവിലാസം തന്നെയാണ് തൻ്റെ എല്ലാ രേഖകളിലുമുള്ളതെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതേ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. യഥാർഥ നമ്പർ 18/2365 ആണെന്നുള്ള സത്യവാങ്മൂലം ഉദ്യോഗസ്ഥർ കൈപ്പറ്റാൻ തയ്യാറായില്ലെന്നും, തുടർന്ന് സ്പീഡ് പോസ്റ്റ് വഴി അപേക്ഷ അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പരാതി ഉന്നയിക്കുന്നുണ്ട്.
വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതോടെ മുട്ടടയിലെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ജയിക്കുമെന്ന ട്രെൻഡ് വന്നതിനാലാണ് സിപിഎമ്മിന് ടെൻഷനെന്നും വൈഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, വൈഷ്ണയുടെ പേര് പട്ടികയിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയതാണോ എന്ന് സംശയിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം. മത്സരിക്കാനായി ജോലി രാജിവെച്ച വൈഷ്ണ, ഈ സംഭവങ്ങൾ തന്നെ മാനസികമായി തളർത്തിയെന്നും, പാർട്ടിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അറിയിച്ചു.
നടപടിയിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെയും വൈഷ്ണയുടെയും തീരുമാനം. അപ്പീൽ ഫലം വരുന്നതുവരെ മുട്ടട വാർഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അനിശ്ചിതത്വം തുടരും.
















