പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ചിത്രമാണ് ‘ഷോലെ’. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ ഇതിഹാസ ചിത്രമായ ‘ഷോലെ’ 4Kയിൽ റീ റിലീസിന് ഒരുങ്ങുന്നു. ‘ഷോലെ – ദി ഫൈനൽ കട്ട്’ എന്ന പേരിൽ ഈ വരുന്ന ഡിസംബർ 12-ന് രാജ്യവ്യാപകമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചന്‍, സഞ്ജീവ് കുമാര്‍, ധര്‍മേന്ദ്ര, അംജദ് ഖാന്‍, ജയ ബച്ചന്‍, ഹേമ മാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഷോലെ.
ചിത്രത്തിൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ റിലീസ്. രാജ്യത്തെ 1,500 തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. നിർമ്മാതാക്കളായ സിപ്പി ഫിലിംസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിയിച്ചത്. ചിത്രത്തിൻ്റെ സെൻസർ ചെയ്യാത്ത യഥാർത്ഥ പതിപ്പാണ് റീറിലീസ് ചെയ്യുന്നത്. ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ഏർപ്പെടുത്തിയ സെൻസർഷിപ്പ് കാരണം 1975-ലെ ആദ്യ റിലീസിന് മുമ്പ് ചിത്രത്തിൻ്റെ ക്ലൈമാക്സ് മാറ്റിയിരുന്നു. ‘ഷോലെ: ദി ഫൈനൽ കട്ട്’ – 2025 ഡിസംബർ 12 മുതൽ സിനിമാശാലകളിൽ. ചിത്രത്തിൻ്റെ യഥാർത്ഥ പതിപ്പ് ആദ്യമായി വെള്ളിത്തിരയിൽ അനുഭവിക്കൂ, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4K, ഡോൾബി 5.1 സാങ്കേതികവിദ്യയിൽ പുനഃസ്ഥാപിച്ചത് എന്നാണ് നിർമാതാക്കൾ റീ റിലീസ് വിവരം പങ്കുവെച്ചത്.
സഞ്ജീവ് കുമാർ അവതരിപ്പിച്ച ഠാക്കൂർ, അംജദ് ഖാൻ അവതരിപ്പിച്ച ഗബ്ബർ സിംഗിനെ തൻ്റെ സ്പൈക്ക് ഘടിപ്പിച്ച ഷൂസുകൾ ഉപയോഗിച്ച് കൊലപ്പെടുത്തുന്നതായാണ് ആദ്യ ക്ലൈമാക്സ്. അന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ഈ രംഗം അമിതമായി വയലൻസ് നിറഞ്ഞതാണെന്ന് വിലയിരുത്തുകയും ചിത്രത്തിൻ്റെ ആദ്യ റിലീസിന് മുമ്പ് മാറ്റം വരുത്താൻ ആവശ്യപ്പെടുകയുമായിരുന്നു.
2025-ൻ്റെ തുടക്കത്തിൽ, ടൊറൊൻ്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘ഷോലെ’ പ്രദർശിപ്പിച്ചിരുന്നു. മുഖ്യവേഷങ്ങളിലെത്തിയ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, ജയ ബച്ചൻ, ഹേമ മാലിനി, സഞ്ജീവ് കുമാർ, അംജദ് ഖാൻ എന്നിവർ ഇന്നും അവരുടെ പ്രകടനത്തിൻ്റെ പേരിൽ പ്രശംസിക്കപ്പെടുന്നു. 1975-ൽ പുറത്തിറങ്ങിയത് മുതൽ, ‘ഷോലെ’ ഇന്ത്യൻ സിനിമാ സംസ്കാരത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.
















