ജിദ്ദ: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ ഏജൻസികൾ നടപ്പാക്കിയ ശക്തമായ നിരീക്ഷണ-പരിശോധന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചക്കിടെ 22,000-ത്തിലധികം നിയമലംഘകർ പിടിയിലായി. നവംബർ 6 മുതൽ 12 വരെ നീണ്ടുനിന്ന സംയുക്ത പരിശോധനകളിലാണ് വ്യാപകമായ അറസ്റ്റുകൾ നടത്തിയത്.
നടത്തിയ പരിശോധനകളിൽ 14,027 പേർ ഇഖാമ, താമസ നിയമം എന്നിവ ലംഘിച്ചവരും 4,781 പേർ രാജ്യം അനധികൃതമായി കടന്നുവരാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരുമാണ്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 3,348 പേരെയും അധികാരികൾ പിടികൂടി.
അതേസമയം, വിവിധ അതിർത്തികൾ വഴിയായി രാജ്യം നുഴഞ്ഞുകയറാൻ ശ്രമിച്ച 1,924 പേരും അനധികൃതരീതിയിൽ രാജ്യം വിടാനുള്ള ശ്രമത്തിനിടെ 32 പേരും അധികാരികളുടെ വലയിലായത്.
രാജ്യത്തെ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ ഇപ്പോൾ 30,236 പേരാണ് തടങ്കലിൽ കഴിയുന്നത്. ഇതിൽ 28,407 പേർ പുരുഷന്മാരും 1,829 പേർ സ്ത്രീകളും ആണ്.
രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത താമസത്തിനും തൊഴിൽ ചട്ടലംഘനങ്ങൾക്കും എതിരെ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു.
















