സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും ടെലിവിഷൻ അവതാരകയുമായ അനുപമ എം. ആചാരിയും കാമുകനും ചേർന്ന് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച് അവശനാക്കിയ സംഭവത്തിൽ സബിത സവാരിയ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സിംഗിൾ പേരന്റ് ആയിപ്പോയ ഒരു സ്ത്രീ എന്ന നിലയിൽ , അതും മകനെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന ഒരമ്മ എന്ന നിലയിൽ , അനുപമ ഇപ്പോൾ കടന്നു പോകുന്ന വേദനകളും മാനസികാവസ്ഥയും എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുമെന്ന് സബിത കുറിച്ചു.
സബിത സവാരിയ പങ്കുവെച്ച കുറിപ്പ്
അനുപമ എഫ്ബിയിൽ എന്റെ സുഹൃത്താണ് . എന്നാൽ closed ആയ circle ന്റെ ഉള്ളിൽ ഉള്ളയാളല്ല . ആകെ രണ്ടോ , മൂന്നോ തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളു . എനിക്ക് അനുപമയെയും , അനുപമയ്‌ക്ക് എന്നെയും ഫേസ്ബുക് പോസ്റ്റുകളിലൂടെയാണ് കൂടുതൽ പരിചയം എന്നതാണ് വാസ്തവം. അനുപമയുടെ ജീവിതത്തിൽ സംഭവിച്ച , (ഒരിക്കലും സംഭവിക്കരുതായിരുന്ന ) ”ആ സംഭവം ” ഒരുപാട് ആളുകൾ അവരവരുടേതായ വീക്ഷണകോണിൽ നിന്ന് കൊണ്ട് നിരീക്ഷിച്ചത് കണ്ടപ്പോൾ എനിക്കും എന്റേതായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒന്ന് എഴുതണം എന്ന് തോന്നി.
മകന് മാനസികമായും ശാരീരികമായും സംഭവിച്ച വേദനകളിൽ , ഒരിക്കലും എനിക്ക് അനുവിനോട് പൊരുത്തപ്പെടാൻ കഴിയില്ല .
12 വയസ്സുള്ള അവന്റെ ആശങ്കകളോടും ആകുലതകളോടും അരക്ഷിതാവസ്ഥയോടും ചേർന്ന് നിൽക്കുമ്പോഴും , 23 വയസ്സ് മുതൽ സിംഗിൾ പേരന്റ് ആയിപ്പോയ ഒരു സ്ത്രീ എന്ന നിലയിൽ , അതും മകനെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന ഒരമ്മ എന്ന നിലയിൽ , അനുപമ ഇപ്പോൾ കടന്നു പോകുന്ന വേദനകളും മാനസികാവസ്ഥയും എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയും.
എന്റെ മനസ്സും മനസ്ഥിതിയും തന്നെ ആയിരിക്കും , അനുപമയ്‌ക്ക് എന്ന് ഞാൻ പറയുന്നില്ല .എങ്കിലും ഏകദേശം ഒരു സാമ്യത എവിടെ എങ്കിലും ഉണ്ടായേക്കാം എന്ന് കരുതട്ടെ …അനുപമയും ഭർത്താവും ഒരുമിച്ചു ജീവിക്കുന്ന ഒരു സാഹചര്യത്തിലാണ് , ഇത് സംഭവിച്ചിരുന്നതെങ്കിൽ ഇതിനെ സമൂഹം ഒരിക്കലും ഈ രീതിയിൽ എടുക്കുകയില്ലായിരുന്നു .” തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല ” എന്ന രീതിയിൽ കുറച്ചു പേരെങ്കിലും മറിച്ചൊന്നു ചിന്തിക്കുമായിരുന്നു …ഇതിപ്പോൾ ”അമ്മയും കാമുകനും ” ആണ് ഇവിടെ കൂടുതൽ പ്രശ്നമായത് . പ്രസവിച്ചു കഴിഞ്ഞാൽ ഒരു സ്ത്രീ ആദ്യാവസാനം അമ്മയാണ് .അത് കഴിഞ്ഞേയുള്ളു അവളുടെ മനസ്സിൽ ആ കൊച്ചിനെ ജനിപ്പിച്ചവൻ പോലും . പക്ഷേ അപ്പോൾ പോലും അവൾ ഒരു സ്ത്രീ കൂടിയാണല്ലോ.
പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഒക്കെ ആഗ്രഹമുള്ള ഒരു സാധാരണ സ്ത്രീ … ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് , അവന്റെ കൂടെ കൈ കോർത്തു പിടിച്ചു നടക്കാനും , നെഞ്ചിൽ ചാരിയിരുന്ന് സിനിമാ കാണാനും , പാട്ട് കേൾക്കാനും മഴ കാണാനും ഒക്കെത്തന്നെയാണ് … അതിനെ കാമം , ക*പ്പ് , എന്നൊക്കെ തരം താണ രീതിയിലേക്ക് പലരും എഴുതിക്കാണുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നുന്നത് …
മുഴുക്കുടിയനായ ഭർത്താവിനോടുള്ള ദേഷ്യവും സ്വന്തം ജീവിതം നശിച്ചു പോയതിലുള്ള നിരാശയും കാരണം എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ , ഗ്ലാസിലെ പാല് തൂവിക്കളഞ്ഞതിനു തുട പൊട്ടുന്നത് വരെ അടിച്ച അമ്മയെ എനിക്കറിയാം …
മനസ്സ് ഒന്നടങ്ങിക്കഴിയുമ്പോൾ ആ കുഞ്ഞിനെ ചേർത്ത് പിടിച്ചു അവൾ പൊട്ടിക്കരയുന്നത് എന്തിനാണ് ആരും ചോദിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല …എനിക്കും മകനും ഇടയിൽ , എന്റെ റിലേഷന്ഷിപ് നെ ചൊല്ലി പലപ്പോഴും വാഗ്വാദങ്ങൾ ഉണ്ടായിട്ടുണ്ട് . അവനെ ജനിപ്പിച്ചത് മുതൽ ഇതെഴുതുന്ന ഈ നിമിഷം വരെ അവന് വേണ്ടി ജീവിക്കുന്ന ഞാൻ , ആ സമയങ്ങളിൽ എല്ലാം അവനോടു എനിക്ക് വേണ്ടി അതിശക്തമായി വാദിക്കുകയും ‘ ശത്രുവിനോടെന്നത് പോലെ വഴക്കടിക്കുകയും ചെയ്തിട്ടുണ്ട്.
എന്റെ രണ്ടാമത്തെ വിവാഹം , മോന് 10 വയസ്സുള്ളപ്പോഴായിരുന്നു . അച്ഛനില്ലാതെ അമ്മ വളർത്തിയ മകന്റെ ദുശീലങ്ങളും അനുസരണയില്ലായ്മയും മാറ്റിയെടുക്കാൻ , എന്റെ ഹസ്ബൻഡ് അദ്ദേഹത്തിന്റേതായ രീതിയിൽ അവനെ ട്രീറ്റ് ചെയ്യുമ്പോൾ പലപ്പോഴും നിലവിളിക്കുന്ന നെഞ്ചിൽ കൈ അമർത്തി നില്ക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ …14 വയസ്സുള്ളപ്പോഴാണ് അവൻ എന്നോട് പറഞ്ഞത് , അമ്മാ നമുക്ക് മരിക്കാം ന്ന് … അതിനൊക്കെ ശേഷം എത്രയോ സുനാമികളും പ്രളയങ്ങളും ഒക്കെ അതിജീവിച്ചാണ് , ഇവിടെ വരെയെത്തി നിൽക്കുന്നത് …അപ്പോഴും എനിക്ക് പ്രണയങ്ങളും പ്രണയത്തകർച്ചകളും അതിനെച്ചൊല്ലി അമ്മയ്ക്കും മകനും ഇടയിൽ വഴക്കുകളും ഒക്കെ ഉണ്ടായിട്ടുണ്ട് … കാരണം ഞാൻ മകന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ച സർവംസഹയായ ഒരു ”സൂപ്പർ മോം ” ഒന്നുമല്ല .
അതുകൊണ്ടായിരിക്കും അനുപമയുടെ ഈ അവസ്ഥയിൽ എനിക്ക് പുച്ഛമോ , പരിഹാസമോ ദേഷ്യമോ ഒന്നും തോന്നാത്തത് … മറിച്ചു ഇത് ഒരിക്കലും സംഭവിക്കരുതായിരുന്നു എന്നൊരു വേദന മാത്രമേ തോന്നുന്നുള്ളൂ.
അനുപമ …നമ്മുടെ രക്തത്തിൽ പിറന്ന കുഞ്ഞു കഴിഞ്ഞേയുള്ളു നമുക്കെന്തും , പക്ഷേ നമ്മൾ അമ്മ മാത്രവും അല്ലല്ലോ അല്ലേ …
കുഞ്ഞിനെ കുറച്ചു കൂടി മനസ്സിലാക്കി അവന്റെ അരക്ഷിതാവസ്ഥയിൽ അവനെ ചേർത്ത് പിടിക്കാൻ നിനക്കും നിന്നെ കുറച്ചു കൂടി ആഴത്തിൽ മനസ്സിലാക്കി നിന്നോടൊപ്പം നില്ക്കാൻ അവനും കഴിയട്ടെ … ഈ 30 വയസ്സിൽ എത്തിനിൽക്കുമ്പോൾ എന്റെ മകൻ എന്നോട് പറയുന്നത് പോലെ … ”’നിങ്ങൾ സൂപ്പറല്ലേ , അമ്മാ , 20 വയസ്സിൽ പ്രസവിച്ച മകനെ രാജകുമാരനെ പോലെ തനിയെ വളർത്തി വഷളാക്കി , 29 വയസ്സ് വരെ അവനെ ഒരു പണിക്കും വിടാതെ വളർത്താൻ നിങ്ങളെക്കൊണ്ട് മാത്രേ പറ്റു”…അതിനിടയിൽ നിങ്ങളുടെ പേർസണൽ സ്പേസ് ഇൽ സംഭവിച്ച കാര്യങ്ങളൊക്കെ നിങ്ങളുടെ സന്തോഷങ്ങളായിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട് .”
















