മുണ്ടക്കയം: ഈസ്റ്റ് ശബരിമല സീസൺ ആരംഭിച്ചതോടെ തീർഥാടക വാഹനങ്ങൾ ഹൈറേഞ്ച് പാതയിലൂടെ ഒഴുകിയെത്തുന്നുണ്ടെങ്കിലും, അപകടങ്ങൾക്ക് പേരുകേട്ട ചാമപ്പാറ വളവിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് ഗതാഗതം നടക്കുന്നിരിക്കുന്നത്. വർഷങ്ങളായി ഈ വളവിൽ സ്ഥാപിച്ചിരുന്ന അപകട മുന്നറിയിപ്പ് സിഗ്നൽ ലൈറ്റ് ഇപ്പോഴും പ്രവർത്തനരഹിതമാണ്.
കുട്ടിക്കാനം–35ാം മൈൽ പാതയിലുടനീളം മണ്ഡല–മകരവിളക്ക് കാലത്ത് അപകടങ്ങൾ പതിവാണെങ്കിലും, ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലം ചാമപ്പാറ വളവാണ്. കുത്തിറക്കം ഇറങ്ങി അമിതവേഗത്തിൽ എത്തുന്ന മറ്റു സംസ്ഥാന വാഹനങ്ങളാണ് കൂടുതലും നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുന്നത്. ചിലപ്പോൾ സമീപത്തെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
വാഹനങ്ങൾ നേരെ കുഴിയിലേക്ക് ഇടിക്കാതിരിക്കാനായി റോഡരികിൽ വൻ പാറക്കല്ലുകൾ നിരത്തിയതാണ് ഇപ്പോഴുള്ള ഏക മുൻകരുതൽ. ഇതൊഴിച്ചാൽ അപകട സാധ്യത കുറയ്ക്കുന്നതിനായി ഗൗരവമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. റോഡിന്റെ നടുവിൽ ഡിവൈഡറുകൾ സ്ഥാപിക്കാനും കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ ഉറപ്പാക്കാനും നാട്ടുകാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയ പാത വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതിവർഷവും ശബരിമല സീസണിലേക്കായി പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ മാറ്റിവെക്കുന്നുണ്ടെങ്കിലും, ആ തുക അപകടനിവാരണ നടപടികൾക്കായി ഉപയോഗിക്കുന്നില്ല എന്നതാണ് പ്രദേശവാസികളുടെ പരാതി.
തീർഥാടകരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കാൻ ചാമപ്പാറ വളവിൽ അടിയന്തര ഇടപെടൽ ആവശ്യമാണ് എന്നതാണ് പൊതുജന അഭിപ്രായം.
















