മണ്ണുത്തി: വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജീവനക്കാരും ഉപഭോക്താക്കളും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പാക്കി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു.
ഹെഡ് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങ് തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോൾ സി ജി ഉദ്‌ഘാടനം ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു. രാജ്യത്തു നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ നിതാന്ത ജാഗ്രത ആവശ്യമാണെന്നും വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഡോ. കെ പോൾ തോമസ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ശാഖകളിൽ ഒരാഴ്ചയായി നടന്ന ബോധവൽക്കരണ പരിപാടികളിൽ ക്വിസ് മത്സരങ്ങൾ, അഴിമതി വിരുദ്ധ പ്രതിജ്ഞ, ഉപഭോക്തൃ സംഗമങ്ങൾ എന്നിവ സംഘടിപ്പിച്ചു. ബാങ്കിന്റെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും തട്ടിപ്പു സാധ്യതകൾ ഇല്ലാതാക്കാനും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 8 ജീവനക്കാർക്ക് ‘വിജിലന്റ് വാരിയർ അവാർഡ്’ സമ്മാനിച്ചു.
എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റുമാരായ ഹരി വെള്ളൂർ, ബോസ്കോ ജോസഫ്, സുദേവ് കുമാർ, ഇസാഫ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, ഇന്റേണൽ വിജിലൻസ് ചീഫ് എം സി പോൾ, വിജിലൻസ് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ വി എൻ എന്നിവർ സംസാരിച്ചു.
















