പത്തനംതിട്ട: വള്ളിക്കോട് പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴ വലിയ ദുരിതം വിതച്ചു. ഒടും തോടും ഒരുമിച്ച് കരകവിഞ്ഞൊഴുകിയതോടെ ജംക്ഷൻ പരിസരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും ഗുരുതരമായി ബാധിച്ചു. മഴവെള്ളക്കെട്ടിന് കാരണം അശാസ്ത്രീയമായി നിർമിച്ച ഓടകളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മഴയെ തുടർന്ന് ജംക്ഷനിലെ വ്യാപാരശാലകൾക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായത്. പച്ചക്കറി വ്യാപാരം നടത്തുന്ന ദാനിയേലിന്റെ കടയിൽ ഓടയും തോട്ടും വഴിയുള്ള വെള്ളം കയറി പച്ചക്കറികൾ മുഴുവനും നശിച്ചു.
വൈശാഖം പ്രദേശത്ത് അജയന്റ്റെ വീട്ടിനോട് ചേർന്നുള്ള സംരക്ഷണഭിത്തി വെള്ളപ്പാച്ചിലിൽ തകർന്നു വീണു. വീട്ടിനുള്ളിലും വെള്ളം കയറി ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. പുതുവേൽ പ്രദേശത്ത് സുജിത്തിൻ്റെ വീടിനും സമാന സാഹചര്യം നേരിടേണ്ടി വന്നു; വീട്ടിനുള്ളിലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ വെള്ളം കയറുന്നതിനാൽ നശിച്ചു.
ജംക്ഷനിൽ ഷൈനി ജോണിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയിലും വെള്ളം കയറി. അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഭാഗികമായി നശിച്ചു. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകളിലും വെള്ളം കയറി വ്യാപാരികൾക്ക് നഷ്ടമുണ്ടാക്കി.
സമീപത്തെ പാടശേഖരങ്ങളിലും വെള്ളം കയറി. മംഗലശേരി പടിഞ്ഞാറ്റത്തിൽ രാജു, തടത്തിൽ രാജേഷ് എന്നിവരുടെ കൃഷി വെള്ളത്തിൽ മുങ്ങി അഴുകിത്തുടങ്ങി. പാടങ്ങളിലുണ്ടായ നഷ്ടം കർഷകരെ ദുരിതത്തിലാഴ്ത്തി.
ഓടകളിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ മണ്ണും ചെളിയും ആണ് വെള്ളക്കെട്ടിന് പ്രധാന കാരണം എന്ന് നാട്ടുകാർ പറഞ്ഞു. അതിനെ തുടർന്ന്, സ്വന്തം ചെലവിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണും ചെളിയും നീക്കം ചെയ്തിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളും വ്യാപാരികളും ചേർന്ന് ഓടകൾ പുനർനിർമിച്ച് ശാസ്ത്രീയമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.
















