ഈ മാസം എട്ടു മുതൽ 14 വരെ ധാക്കയിൽ നടന്ന ഏഷ്യൻ ആർച്ചറി ചാംപ്യൻഷിപ്പിൽ 6 സ്വർണ്ണം ഉൾപ്പെടെ 10 മെഡലുകൾ നേടി ഇന്ത്യ അഭിമാനകരമായ പ്രകടനം കാഴ്ചവച്ചെങ്കിലും, മടക്കയാത്രയിൽ ഇന്ത്യൻ സംഘത്തിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നേരിടേണ്ടി വന്നത് കടുത്ത ദുരിതമാണ്. വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ വിധി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കനത്ത പ്രക്ഷോഭങ്ങളിൽ കുടുങ്ങിയ 23 അംഗ സംഘത്തിലെ 11 പേർക്കാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് മണിക്കൂറുകളോളം ദുരിതത്തിലായത്. പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ ഏഴ് വനിതാ താരങ്ങളും ഈ സംഘത്തിൽ ഉണ്ടായിരുന്നു.
മുതിർന്ന താരങ്ങളായ അഭിഷേക് വർമ, ജ്യോതി സുരേഖ, ഒളിംപ്യൻ ധീരജ് ബൊമ്മദേവര എന്നിവരടങ്ങുന്ന ഡൽഹി സംഘം ശനിയാഴ്ച രാത്രി 9.30നാണ് ഡൽഹിയിലേക്കുള്ള വിമാനത്തിനായി ധാക്ക വിമാനത്താവളത്തിൽ എത്തിയത്. വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകുമെന്ന് ആദ്യം അറിയിച്ചു. പുലർച്ചെ 2 മണി വരെ കാത്തിരുന്നിട്ടും വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിക്കുകയായിരുന്നു. പകരം വിമാന സൗകര്യം അന്ന് ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയതോടെയാണ് അവരുടെ ദുരിതം ഇരട്ടിച്ചത്. പുറത്ത് തെരുവിൽ കനത്ത പ്രക്ഷോഭം നടക്കുന്നതിനിടെ ജനൽച്ചില്ലുകൾ പോലുമില്ലാത്ത ഒരു ലോക്കൽ ബസിലാണ് സംഘത്തെ ഹോട്ടലിലേക്ക് കൊണ്ടുപോയതെന്ന് അഭിഷേക് വർമ പറയുന്നു. അരമണിക്കൂറോളം ഭീതിജനകമായ യാത്രക്കൊടുവിൽ എത്തിച്ചതാകട്ടെ പരിതാപകരമായ സൗകര്യങ്ങളുള്ള ഒരു ലോഡ്ജിലേക്കാണ്. “അതൊരു ലോഡ്ജ് പോലും ആണെന്നു പറയാൻ സാധിക്കില്ല,” അഭിഷേക് പറയുന്നു. ഏഴ് സ്ത്രീകൾക്കുമായി ആറു കിടക്കകളുള്ള ഒരു മുറിയും വൃത്തിഹീനമായ ഒരു ശുചിമുറിയും മാത്രമാണ് ലഭിച്ചത്. രാജ്യാന്തര സാമ്പത്തിക ഇടപാടുകൾ സാധ്യമല്ലാത്തതിനാൽ ബദൽ സംവിധാനം ഒരുക്കാനും സാധിച്ചില്ല.
സംഘാടകരുടെ ലക്ഷ്യബോധമില്ലാത്ത നടപടിയെ താരം രൂക്ഷമായി വിമർശിച്ചു. പുറത്ത് കലാപങ്ങൾ നടക്കുന്ന സമയത്ത് ലോക്കൽ ബസിൽ താരങ്ങളെ കയറ്റിവിട്ടതിലെ അപകട സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. “ആ ബസിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആരാണ് ഉത്തരവാദികൾ? കൗമാരക്കാരായ മൂന്നു പെൺകുട്ടികളും നാല് 20 വയസ്സിൽ താഴെയുള്ളവരും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു,” അഭിഷേക് ചോദിച്ചു. കൃത്യസമയത്തെ വിവരങ്ങൾ നൽകാതിരുന്ന അധികൃതരുടെ നടപടിയും താരങ്ങളെ വലച്ചു.
ഡൽഹിയിൽ തിരിച്ചെത്തിയ ശേഷവും ദുരിതം അവസാനിച്ചില്ല. ഹൈദരാബാദ്, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്‌ഷൻ ഫ്ലൈറ്റുകൾ താരങ്ങൾക്ക് കിട്ടാതെ വന്നതോടെ, ഉയർന്ന നിരക്കിൽ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്താണ് പലരും നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ, ഈ ദുരിതയാത്രയിൽ അധികമായി ചെലവായ തുകയ്ക്ക് ഫെഡറേഷന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും താരങ്ങൾ വെളിപ്പെടുത്തി. ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കായി മൂന്ന് ഗ്രൂപ്പുകളായാണ് 23 അംഗ സംഘം തിരിച്ചെത്തിയത്. കൊൽക്കത്ത, മുംബൈ സംഘങ്ങൾ കൃത്യസമയത്ത് എത്തിയപ്പോൾ ഡൽഹി സംഘത്തിന്റെ വിമാനം റദ്ദാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
















