വൃത്തിയാക്കാൻ ഏറ്റവും പാടുള്ള ഒന്നാണ് കൂർക്ക. എത്ര വൃത്തിയാക്കാൻ നോക്കിയാലും കയ്യിൽ കറയും മണ്ണും ചെളിയും പുരളും. ഇപ്പോൾ കൂർക്കയുടെ സീസൺ ആണ്. അതിനാൽ വീടുകളിൽ ഇപ്പോൾ കൂർക്കയാണ് താരം. ചിലർക്ക് ഇതിന്റെ തോൽ കളയാൻ സമയം എടുക്കുന്നതുകൊണ്ട് വാങ്ങാറില്ല. എന്നാൽ ഇനി മുതൽ കൂർക്ക കണ്ടാൽ വാങ്ങാതെയിരിക്കണ്ട. കൂർക്ക എളുപ്പത്തിൽ വ്യത്തിയാക്കാനുള്ള മാർഗം പറഞ്ഞുതരാം.
കൂർക്കയിലെ മണ്ണും ചെളിയും വൃത്തിയായി കളഞ്ഞു കഴുകി എടുക്കുക. ശേഷം കഴുകി വച്ചിരിക്കുന്ന കൂർക്ക പ്രഷർ കുക്കറിലേക്കു മാറ്റി ആവശ്യത്തിനു വെള്ളം ഒഴിച്ചു നല്ല ചൂടിൽ ഒന്നോ രണ്ടോ വിസിൽ അടിപ്പിക്കുക. (കൂർക്ക ചെറുതാണെങ്കിൽ ഒരു വിസിൽ മതിയാകും).കുക്കറിൽനിന്നു പ്രഷർ പോയ ശേഷം വെള്ളം കളഞ്ഞ് ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നതു പോലെ തന്നെ കൂർക്കയുടെ തൊലികളയാം. തൊലി കളഞ്ഞ ശേഷം ആവശ്യത്തിനുള്ള വലുപ്പത്തിൽ മുറിച്ചു മസാലകളും ഉപ്പും ചേർത്ത് മെഴുക്കുപുരട്ടിയോ കറികളോ എളുപ്പത്തിൽ ഉണ്ടാക്കാം.
കൂർക്ക തൊലി കളയുമ്പോൾ കൈയിൽ കറ പറ്റുമെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. കൂർക്ക തൊലി കളയുമ്പോൾ കൈയിൽ അല്പം എണ്ണ തേച്ചെടുക്കുക. എങ്കിൽ കൈയിൽ ഒട്ടും കറ പറ്റില്ല. സ്ക്രബ് ചെയ്തും കൂർക്കയുടെ തൊലി കളയാം. കൂർക്ക വെള്ളത്തിൽ 15 മിനിറ്റ് കുതിർക്കുക. ഒരു ഹാർഡ് സ്ക്രബ് ബ്രഷ് ഉപയോഗിച്ച് തുടച്ച് തൊലി നീക്കം ചെയ്യാം.
















