ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ യുവാവിനെ നടുറോഡിൽവച്ച് കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി അടക്കം അഞ്ചുപേർ ഒളിവിൽ. പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്നാണ് സൂചന. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിലെ ആറും ഏഴും പ്രതികളായ സന്ദീപ് (27), അഖിലേഷ് (20) എന്നിവരെ കന്റോൺമെന്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സന്ദീപ് നിരവധി ക്രിമിനൽ കേസുകളിലും മ്യൂസിയം പൊലീസിൽ കാപ്പ കേസിലും പ്രതിയാണ്. അഖിലേഷും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒളിവിലുള്ളവരെ സഹായിക്കുന്നത് തടയാൻ ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കി. സംഭവത്തിലുൾപ്പെട്ട ജഗതി സ്വദേശിയായ പതിനാറുകാരനെ ചോദ്യം ചെയ്തുവരുകയാണ്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തൈക്കാട് എം.ജി. രാധാകൃഷ്ണൻ റോഡിലാണ് തമ്പാനൂർ അരിസ്റ്റോ ജംക്‌ഷൻ തോപ്പിൽ ഡി 47 ൽ അലനെ (18) മർദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയത്. സംഘർഷത്തിലുൾപ്പെടാതെ മാറി നിന്ന അലനെ സംഘത്തിലുള്ള ആളെന്നു തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
കമ്പി പോലുള്ള ആയുധം കൊണ്ടുള്ള കുത്ത് ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയതാണ് മരണകാരണം. അലനെ സുഹൃത്തുക്കൾ ഉടൻ സ്കൂട്ടറിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുൻപ് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോൾ മത്സരത്തിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.
















