ദുബായ്: പ്രവാസലോകത്തെ കുടുംബിനികളെ ശാക്തീകരിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ദുബായ് കെ എം സി സി കാസർക്കോട് ജില്ലാ വനിത വിംഗിന് രൂപം നൽകി. യു.എ.ഇയിലെ വിവിധ മേഖലകളിൽ സജീവമായ കാസർക്കോട്ടെ സ്ത്രീകളെ ഒറ്റക്കെട്ടായി ഒരുമിപ്പിക്കാനുള്ള ഈ നീക്കം, പ്രവാസി സമൂഹത്തിൽ പുതിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കുകയാണ്. ദുബായിലെ അബു ഹൈൽ കെ എം സി സി ആസ്ഥാനത്ത് ചേർന്ന പ്രഥമ കൗൺസിൽ യോഗത്തിൽ വെച്ചാണ് പുതിയ സമിതി നിലവിൽ വന്നത്. പ്രവാസജീവിതത്തിൽ സ്ത്രീകൾ കൈവരിക്കുന്ന മുന്നേറ്റങ്ങളെ ഈ കൂട്ടായ്മക്ക് കൂടുതൽ കരുത്തേകാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കെ എം സി സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ കൗൺസിൽ യോഗം ഉൽഘാടനം ചെയ്തു. പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് ധാരാളം കുടുംബിനികൾ പ്രവാസലോകത്ത് വിവിധ മേഖലകളിൽ വ്യാപൃതരാവുകയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പുതിയ കാലഘട്ടത്തിൽ അവരെല്ലാം ഒരു കുടക്കീഴിൽ അണിനിരന്ന് സംഘടിക്കേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. സ്ത്രീകൾക്ക് പിന്തുണയും അവസരങ്ങളും നൽകി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
സംസ്ഥാന വനിത ലീഗ് പ്രസിഡന്റ് ബ്രസീലിയ ശംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി, വനിതാ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രവാസികൾക്കിടയിലെ അവരുടെ പങ്ക് വർദ്ധിപ്പിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു. കൂടാതെ, ജില്ല കെ എം സി സി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, ട്രഷറർ ഡോക്ടർ ഇസ്മായിൽ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പ്രസംഗിച്ചു. സംസ്ഥാന വനിത വിംഗ് പ്രസിഡന്റ് സഫിയ മൊയ്‌ദീൻ, ജനറൽ സെക്രട്ടറി റീന ടീച്ചർ, ട്രഷറർ നജ്മ സാജിദ്, കോർഡിനേറ്റർ സറീന ഇസ്മായിൽ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളും വനിത വിംഗിന്റെ രൂപീകരണത്തിന് ആശംസകളുമായി യോഗത്തിൽ പങ്കെടുത്തു
പുതിയ കൗൺസിൽ യോഗത്തിൽ റൈസാന നൂറുദ്ദീൻ പ്രസിഡന്റായും, അസ്മീറ ഷാസിൻ ചെർക്കള ജനറൽ സെക്രട്ടറിയായും, ഫാത്തിമ സലാം ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഫൗസിയ ഹനീഫ്, ഫാത്തിമ റഫീഖ്, സുൽഫാന ഹസ്കർ, മുനീസ ആരിഫ്, സഫ്രീന യൂസഫ്, ഷഫീദ അനീസ്, നസീമ ഹനീഫ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. കൂടാതെ ഹഫ്സത്ത് ഷാസിയ, സമീന ആസിഫ്, ഷഹർബാന ഹാഷിം, ഖദീജ ഷാഹിൻ, സഫ അബ്ദുൾ ഹസീബ്, ഷറീന ഷിഹാദ് എന്നിവർ സെക്രട്ടറിമാരായും സുഹറ യഹ്‌യ മുഖ്യ രക്ഷാധികാരിയായും റാബിയ സത്താർ ഉൾപ്പെടെ എട്ടുപേരെ രക്ഷാധികാരികളായും തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസലോകത്ത് കാസർക്കോട് ജില്ലയിൽ നിന്നുള്ള വനിതകൾക്ക് പുതിയ ദിശാബോധം നൽകാൻ ഈ സമിതിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
















