ചരിത്ര പാഠപുസ്തകങ്ങളില്‍ ദലിതരെ തെറ്റായി അടയാളപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ബിരുദ വിദ്യാര്‍ത്ഥിയായ മീനാക്ഷി കഴിഞ്ഞ ദിവസം ജാതി പിരമിഡ് പഠിക്കുന്നതിനെ കുറിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് മീനാക്ഷി പ്രതികരണവുമായി രംഗത്തെത്തിയത്. മീഡിയ വൺ ചാനലിനോടായിരുന്നു മീനാക്ഷിയുടെ പ്രതികരണം.
‘ദളിത് എന്ന് പറയുന്ന വിഭാഗം താഴ്ന്ന ജാതിയിൽപ്പെട്ടവരെന്നും, അൺടച്ചബിൾസ് എന്നുമൊക്കെയാണ് പറയുന്നത്. ജാതിപിരമിഡ് നോക്കിക്കഴിഞ്ഞാൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നാണ് പറയുന്നത്. പിന്നെ ദളിത്, എന്നിട്ട് ബ്രാക്കറ്റിൽ അൺടച്ചബിൾ എന്നാണിട്ടിരിക്കുന്നത്. ചരിത്രം പഠിക്കുമ്പോൾ ഇത് പഠിക്കേണ്ട ആവശ്യമുണ്ട്. കാരണം മുൻപ് നടന്ന കാര്യങ്ങളാണല്ലോ ചരിത്രമായി രേഖപ്പെടുത്തുന്നത്. പണ്ടുള്ള കാലം ഇങ്ങനെയായിരുന്നെന്ന് അടയാളപ്പെടുത്താൻ ഈ പദങ്ങളൊക്കെ ആവശ്യമാണ്. എന്നാല്‍ ദലിത് എന്നത് എവിടെ നിന്നും വന്നു,ആര് ഇവരെ ഇങ്ങനെയാക്കി ? ഇപ്പോൾ അങ്ങനെയല്ല, അങ്ങനെ വേർതിരിവോടെ കാണുന്നത് തെറ്റാണെന്ന് കൂടി പഠിപ്പിച്ചാൽ അത് കറക്ടായുള്ള അറിവായിരിക്കും.
ഇങ്ങനെയായിരുന്നു എന്നാണ് ഇപ്പോൾ പഠിക്കുന്നത്. ഇന്ന് ഇങ്ങനെ ആണെന്ന് നമ്മൾ പഠിക്കുന്നില്ല. ശരിയായ പഠനം എന്നത് നമ്മുടെ അവകാശമാണ്. അതിനുവേണ്ടി കോടതിയിലൊക്കെ പോകാനുള്ള ഓപ്ഷൻസ് ഉണ്ട്. അങ്ങനെ പോകാനായി ആഗ്രഹിക്കുന്നുണ്ട്.’- മീനാക്ഷി പറഞ്ഞു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് മീനാക്ഷി. വിഷയത്തെക്കുറിച്ച് നേരത്തെ മീനാക്ഷി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. അത് ചർച്ചയാകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നടിയുടെ പ്രതികരണം.
















