ബാലതാരമായി മലയാള സിനിമയില്‍ വന്ന് പ്രേക്ഷകരുടെ മനംകവര്‍ന്ന മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റും, അതിനെ തുടര്‍ന്ന് ചുടുപിടിക്കുന്ന ചര്‍ച്ചകളുമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നത്. ഇവിടെ ദളിതന്‍ (അണ്‍ടച്ചബിളിറ്റി) എന്ന പദം അലോസരപ്പെടുത്തുന്നു എന്ന് പറയാന്‍ ധൈര്യം കാണിച്ച മീനാക്ഷിയുടെ സിനിമാ ഭാവി എന്തായിരിക്കും എന്നതാണ് വലിയാ ചോദ്യമായി മാറുന്നത്. ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സില്‍ ടോപ് സിംഗര്‍ പരിപാടിയുടെം ആങ്കര്‍ കൂടിയാണ് മീനാക്ഷി എന്നത് മറക്കരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കു വേണ്ടി ചരിത്രത്തെ ചോദ്യം ചെയ്തും, ഭൂതകാല ജാതിവാദ പ്രേതങ്ങളുടെ ചുടലനൃത്തത്തെ ചിന്തകള്‍ കൊണ്ട് ഹിംസിച്ചുമാണ് മീനാക്ഷി ഉദിച്ചുയര്‍ന്നിരിക്കുന്നത്.
സിനിമാ മേഖലയില്‍ വളര്‍ച്ചയുടെ പാതയിലുള്ള മീനാക്ഷിയെന്ന നടിയുടെ ഭാവി എന്താകുമെന്നത് വ്യക്തം. സിനിമയിലേക്കുള്ള വിളികള്‍ ഇനിയുണ്ടാകില്ല. ആങ്കറിംഗ് പരിപാടിയിലേക്ക് പുതിയൊരു എന്ട്രി ഉടനുണ്ടാകും. എപ്പോഴും ഒരു മുഖം മാത്രം കാണിക്കുന്നതിനേക്കാള്‍ വെറൈറ്റി അവതരിപ്പിക്കുന്നു എന്ന ന്യായത്തിലായിരിക്കും മീനാക്ഷിയുടെ ഒഴിവാക്കല്‍ ഉണ്ടാവുക. ഒരു ദളിതന് അറിയാതെ പോലും ഇരിപ്പിടം കൊടുക്കാതെ സൂക്ഷിക്കുന്ന ഇടം കൂടിയാണ് സിനിമാ മേഖല എന്നത് പറയാതെ വയ്യ. അവിടെ ദളിതന്റെ ചരിത്രവും പറഞ്ഞ്, മേല്‍ജാതിക്കാരെ കുഴപ്പിക്കാന്‍ ഇറങ്ങുന്നവരെയും മാറ്റി നിര്‍ത്തുക തന്നെ ചെയ്യും എന്നതില്‍ തര്‍ക്കമില്ല. നോക്കൂ, ഈ പോസ്റ്റു കണ്ട് മീഡിയാവണ്‍ ചാനല്‍ മാത്രമാണ് മീനാക്ഷിയോട് അഭിപ്രായം ചോദിച്ചുള്ളൂ എന്നത് കൗതുകവും സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്.
മീനാക്ഷി ഒരു സെലിബ്രിട്ടിയാണ്. മാത്രമല്ല, മീനാക്ഷി ഉയര്‍ത്തിയ വിഷയം കേരളത്തിന്റെ ചരിത്രത്തെ ചോദ്യം ചെയ്യുന്നതും വളരെ ആഴത്തില്‍ വേരോട്ടം നടത്തിയിട്ടുള്ള ജാതിവാദ സമ്പ്രദായത്തെ പൊള്ളിക്കുന്നതുമാണ്. തലനരച്ച, ബുദ്ധിരാക്ഷസന്‍മാരോ, സോഷ്യലിസം പറയുന്നവരോ, സമത്വവും സ്വാതന്ത്രവും ആഹ്വാനം ചെയ്യുന്നവരോ, ചരിത്ര ഗവേഷകരോ, സാംസ്‌ക്കാരിക നായകന്‍മാരോ, ജാതി സംഘടനാ നേതാക്കളോ ഒന്നും പറയാത്ത വിഷയം കൂടിയാണത്. മറ്റൊരു സെലിബ്രിട്ടിയും പഠിച്ചിരുന്നപ്പോഴോ, അല്ലാത്തപ്പോഴോ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുമില്ല. എന്നിട്ടും, ശബരിമല സ്വര്‍ണ്ണക്കടത്തു പോലെയോ, വോട്ട് ചോരി പോലെയോ മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്താപ്രാധാന്യമായ വിഷയമായില്ല എന്നതാണ് കൗതുകവും അതിലേറെ സംശയവും തോന്നാന്‍ കാരണം.
ഈ സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ, കേള്‍ക്കാനോ ഒരു പ്രസക്തിയില്ലാത്ത വിഷയമാണ് എന്നൊരു മനോഭാവം പരോക്ഷമായി വ്യാപിച്ചു കിടക്കുന്നതു പോലെയുള്ള പ്രതീതി. കേരളത്തിലെ വിദ്യാഭ്യാസ പദ്ധതിയില്‍ അത്തരമൊരു ജാതി പിരമിഡ് ചരിത്രം പഠിക്കാനുണ്ടെങ്കില്‍, എന്തുകൊണ്ട് അങ്ങനെയൊരു ജാതി പിരമിഡ് ഉണ്ടായി എന്നും, ആരാണ് അതുണ്ടാക്കിയതെന്നും പഠിക്കേണ്ടത്, ഒരു വിദ്യാര്‍ത്ഥിയുടെ അവകാശം കൂടിയാണ്. മനുഷ്യനെന്ന ഒരു വര്‍ഡഗം മാത്രമേ ഉള്ളൂവെങ്കില്‍പ്പിന്നെ എങ്ങനെയാണ് ദളിതന്‍(അണ്‍ടച്ചബിളിറ്റി) എന്ന് പഠിക്കേണ്ടി വന്നത്. ഇതൊന്നും വ്യക്തമാക്കാത്ത, ജാതി പിരമിഡില്‍ ദളിതനെ ഇങ്ങനെ വ്യാഖ്യാനിച്ചത് ആരാണെന്ന് കൂടി പറയാത്ത പാഠ്യപദ്ധതി എന്തുകൊണ്ടാണ് ഇപ്പോഴും പഠിപ്പിക്കുന്നത് എന്നതാണ് ചോദ്യം.
മീനാക്ഷിയുടെ പോസ്റ്റ് ഒന്നു കൂടി വായിക്കണം
വര്‍ണ്ണമില്ലാത്ത.’ … ..’വര്‍ണാ പിരമിഡ്,’…. ചില ചിന്തകള്‍…..
MG യൂണിവേഴ്‌സിറ്റിയുടെ BA ENGLISH HONOURS പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഈയിടയ്ക്ക് RAJAYASHRI GODDY ‘യുടെ RECESS AND OFFERING എന്ന പാഠഭാഗം ശ്രദ്ധയില്‍ പെട്ടതിനാല്‍ ഇത്തരം ഒരു ചിന്തയ്ക്ക് അത് കാരണമായി RECESSന്റെ സാരാംശമിതായിരുന്നു .. ദളിത് വിഭാഗത്തിന്‍ പെട്ട ഒരു കുട്ടി അവന്റെ വിശപ്പിനെപ്പോലും ഭയക്കുന്നു കാരണം സ്‌കൂളില്‍ നിന്നും ഭക്ഷണം തേടി പുറത്ത് പോയ കുട്ടി തന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം തേടി പോവുമ്പോഴും … തിരിച്ചെത്തുമ്പോഴുള്ള ടീച്ചറിന്റെ പണിഷ്‌മെന്റിനെ അവന്‍ ഭയക്കുന്നു: ‘…ഇങ്ങനെ ഒരു കാലം നമുക്കുണ്ടായിരുന്നുവെന്ന് പലപ്പോഴായി അഥവാ പല സാഹചര്യങ്ങളിലായി കേള്‍ക്കേണ്ടി വന്നിട്ടുള്ളവരാണ് നമ്മളില്‍ പലരും എന്നാല്‍ ഇതേ കാലഘട്ടത്തില്‍ തന്നെ ഏതാണ്ട് എട്ടാം ക്ലാസ്സ് മുതല്‍ നാം പഠിക്കേണ്ടി വരുന്ന .’വര്‍ണ്ണാ പിരമിഡുകളും ‘ഇതിനോടൊപ്പം ശ്രദ്ധയില്‍ പെടേണ്ട ഒന്നു തന്നെയാണ് …’ ബ്രാഹ്മണന്‍ .. ക്ഷത്രിയന്‍ .. വൈശ്യന്‍ … ശൂദ്രന്‍: എന്നെഴുതിയതിന് ശേഷം തൊട്ടു താഴെയായി (ഇപ്പോഴും നിലനില്ക്കുന്ന .’ ദളിതന്‍ UNTOUCHABLES’ എന്ന പദം അന്നും.. ഇന്നും .. എന്നെ അലോസരപ്പെടുത്തുന്നു അതിനോടൊപ്പം മറ്റൊരു ബ്രാക്കറ്റില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗം എന്നു കൂട്ടി ചേര്‍ത്തിരുന്നുവെങ്കില്‍ എന്നത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു പതിമൂന്ന് വയസ്സുകാരിയുടെ ആഗ്രഹമായിരുന്നുവെങ്കില്‍ ഇന്ന് ശരിയായ അറിവാര്‍ജ്ജിക്കുക എന്നത് ഒരു വിദ്യാര്‍ത്ഥിയുടെ അവകാശമായിത്തീര്‍ന്നിരിക്കുന്നു വാസ്തവത്തില്‍ ശരിയും തെറ്റുമെല്ലാം അവനിലോ … ഇവനിലോ അല്ല മറിച്ച് എന്നിലോ നിന്നിലോ ആണ് നിലനില്ക്കുന്നത് എന്ന ബോദ്ധ്യം ചില തിരുത്തലുകള്‍ക്കെങ്കിലും വഴിയൊരുക്കിയേക്കാം കാലത്തിനേയോ ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തിനേയോ മാത്രം പഴിചാരി മാറാനാഗ്രഹിക്കാത്ത ‘മാനുഷിക മൂല്യങ്ങള്‍ ‘ മനസ്സിലാക്കി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ വരും തലമുറയ്ക്ക് ജാതി വേര്‍തിരിവുകള്‍ തിരിച്ചറിയാതിരിക്കാനായാല്‍ അതിനെയൊരു വിദ്യാഭ്യാസക്കുറവായല്ല….മറിച്ച് ഒരു സമൂഹത്തിന്റെ വിജയമായി കണക്കാക്കാന്‍ ഞാനാഗ്രഹിക്കുന്നു…..
വിദ്യാഭ്യാസ മന്ത്രിമാരുടെ നിലപാട് എന്ത് ?
മലയാള സിനിമാ മേഖലയില്‍ ഇത്രയും കൃത്യമായി അഭിപ്രായം രേഖപ്പെടുത്തിയ മറ്റൊരാളും ഉണ്ടാകില്ല. നട്ടെല്ലുള്ള മീനാക്ഷിയെ കാത്തിരിക്കുന്നത് എന്തുതന്നെയായാലും അതിനെ നേരിടാന്‍ കേരള സമൂഹം ഒരുമിച്ചു നില്‍ക്കണം. ഇവിടെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതാണ്. നമ്മുടെ വിദ്യാഭ്യാസ മന്ത്രിമാരുടെ നിലപാടുകള്‍ എന്താണ് ?. രാഷ്ട്രീയ കാര്യങ്ങള്‍ മുതല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു വരെ ഫേസ്ബുക്ക് പോസ്റ്റിട്ടും, മാധ്യമങ്ങള്‍ക്ക് ബൈറ്റ് നല്‍കുകയും ചെയ്യുന്ന പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായമെന്താണ്. മീനാക്ഷി തോദിച്ചത് ശരിയാണോ അതോ തെറ്റോ. ഉന്നത വിദ്യാഭ്യാ മന്ത്രി ആര്‍. ബിന്ദുവിന്റെ അഭിപ്രായമെന്താണ്. മീനാക്ഷി പറഞ്ഞത്, കുട്ടിത്തമാണോ അതോ സത്യമോ. വിദ്യാഭ്യാസ വകുപ്പുകള്‍ ഭരിക്കുന്ന ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഇരു മന്ത്രിമാരും അഭിപ്രായം പറയണം.
‘ കാലത്തിനേയോ ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തിനേയോ മാത്രം പഴിചാരി മാറാനാഗ്രഹിക്കാത്ത ‘മാനുഷിക മൂല്യങ്ങള്‍ ‘ മനസ്സിലാക്കി ജീവിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ വരും തലമുറയ്ക്ക് ജാതി വേര്‍തിരിവുകള്‍ തിരിച്ചറിയാതിരിക്കാനായാല്‍ അതിനെയൊരു വിദ്യാഭ്യാസക്കുറവായല്ല….മറിച്ച് ഒരു സമൂഹത്തിന്റെ വിജയമായി കണക്കാക്കാന്‍ ഞാനാഗ്രഹിക്കുന്നു…..:’
മീനാക്ഷി പറയുന്നതിന്റെ പൊരുള്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ മനസ്സിലാക്കണമെന്നു മാത്രമാണ് പറാനുള്ളത്. മീനാക്ഷിയുടെ ഈ നിലപട് ഓര്‍മ്മപ്പെടുത്തുന്നത്, കാലങ്ങള്‍ക്കു മുമ്പ് നവോത്ഷാന നായകന്‍ അയ്യന്‍കാളിയുടെ പോരാട്ടത്തെയാണ്. അന്ന് ഊരുട്ടമ്പലം സ്‌കൂളിലേക്ക് പഞ്ചമിയുടെ കൈ പിടിച്ച് പോയ അയ്യന്‍കാളി. ഇന്നിതാ ആ പഞ്ചമി, മീനാക്ഷിയിലൂടെ ജാതി വേര്‍തിരിവ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരിക്കുന്നു. അന്നത്തെ പഞ്ചമിയെയാണ് മീനാക്ഷിയില്‍ ഇന്ന് കാണുന്നതെന്നു കൂടി പറയാതെ വയ്യ.
CONTENT HIGH LIGHTS; What will happen to Meenakshi now?: Did she say what she shouldn’t have said?; Who was questioned?; Will she be banned from films?; What is the stand of the education ministers?
















