പ്രശസ്ത അവതാരകനും നടനുമായ രാജേഷ് കേശവൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി അറിയിച്ചു. രാജേഷിനെ ‘ആക്ടീവ് ആക്കാൻ’ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തുന്ന നിരന്തര ശ്രമങ്ങൾക്ക് ഫലം കാണുന്നുണ്ടെന്നും ഡോക്ടർമാർ ഇക്കാര്യം സ്ഥിരീകരിക്കുന്നതായും പ്രതാപ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ 29 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം കഴിഞ്ഞ മാസമാണ് എയർ ആംബുലൻസിന്റെ സഹായത്തോടെ രാജേഷിനെ വെല്ലൂർ സിഎംസിയിലേക്ക് മാറ്റിയത്. വെല്ലൂരിൽ ചികിത്സ തുടങ്ങിയിട്ട് ഏകദേശം രണ്ട് മാസമായി. ഈ കിടപ്പിന് 87 ദിവസത്തെ വേദനയുണ്ടെന്നും എന്നാൽ ഓരോ ദിവസവും പ്രതീക്ഷ നൽകുന്നുണ്ടെന്നും പ്രതാപ് പറയുന്നു. രാജേഷ് ചികിത്സയിലിരിക്കെ സംഭവിച്ച സിനിമാ ലോകത്തെ പ്രധാന സംഭവങ്ങൾ സുഹൃത്തുക്കൾ അദ്ദേഹത്തോട് നിരന്തരം പങ്കുവെക്കുന്നുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രം ‘ലോക’ 300 കോടി ക്ലബ്ബിൽ ഇടം നേടിയതും, മമ്മൂട്ടി രോഗമുക്തനായി സിനിമയിൽ സജീവമായതും, മോഹൻലാലിന് ഫാൽക്കെ അവാർഡ് ലഭിച്ചതുമെല്ലാം രാജേഷിനെ അറിയിച്ചു.
അടുത്ത സുഹൃത്തുക്കൾ സിനിമയും സംഗീതവും യാത്രകളും ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞ് രാജേഷിനെ ഉണർത്താനും ആക്ടീവ് ആക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. സുഹൃത്തുക്കളുടെ ഈ ഇടപെടലുകൾ അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ടെന്നും ഡോക്ടർമാർ ഇത് സ്ഥിരീകരിക്കുന്നുണ്ടെന്നും പ്രതാപ് പറയുന്നു. സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കേണ്ട ‘ഒറ്റക്കൊമ്പൻ’ സിനിമയിലെ ഇനിയുള്ള സീനുകൾ വേദനയോടെ ഒഴിവാക്കേണ്ടി വന്ന വിവരം രാജേഷ് അറിഞ്ഞിട്ടില്ല. എന്നാൽ, രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ തനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് നൽകിയിട്ടുണ്ടെന്നും പ്രതാപ് കുറിപ്പിൽ പറയുന്നു.
ഈ മൂന്ന് മാസക്കാലയളവിൽ രാജേഷിനൊപ്പം താങ്ങും തണലുമായി നിലകൊള്ളുന്ന ഭാര്യ സിന്ധുവിന്റെയും സഹോദരൻ രൂപേഷിന്റെയും ആത്മസമർപ്പണത്തെക്കുറിച്ചും പ്രതാപ് വികാരഭരിതനായി സംസാരിക്കുന്നു. “ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്” എന്നാണ് സിന്ധുവിനെയും രൂപേഷിനെയും പ്രതാപ് വിശേഷിപ്പിക്കുന്നത്. സിഎംസിയിലെ ഡോക്ടർമാരും തെറാപ്പിസ്റ്റുകളും ക്ഷമയോടെയും സഹന ശക്തിയോടെയും അവരോടൊപ്പമുണ്ടെന്നതും ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
പ്രാർഥനയും സ്നേഹവും തുടരണമെന്നും, ഈ ‘വനവാസം’ കഴിഞ്ഞു രാജേഷ് തിരിച്ചു വരുമെന്നും, സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന ആ നല്ല നാളുകൾക്കായി എല്ലാവരെയും പോലെ താനും കാത്തിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പ്രതാപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
















