പനമരം: പനമരം പഞ്ചായത്തിൽ കാട്ടാന ശല്യം വീണ്ടും ശക്തമാകുന്നു. താഴെ പാതിരിയമ്പത്ത് നെൽക്കൃഷി നശിപ്പിച്ചതിനു പിന്നാലെ ഏതാനും കിലോമീറ്റർ അകലെയുള്ള ദാസനക്കരയിലും കാട്ടാന ഇറങ്ങി വലിയ തോതിൽ നെൽവയലുകൾ തകർത്തു. ഒരേ രാത്രിയിൽ രണ്ട് പ്രദേശങ്ങളിലായാണ് നാശം സംഭവിച്ചത്.
പാതിരി സൗത്ത് വനമേഖലയിലെ തരകമ്പം ഭാഗത്തുനിന്നാണ് ഒറ്റയാനു ജനവാസ മേഖലകളിലേക്കിറങ്ങിയത്. കഴിഞ്ഞ രാത്രി 12 മണിയോടെയാണ് കല്ലുവയൽ ഊരിലെ പാടങ്ങളിൽ കാട്ടാന കയറിയത്. കുഞ്ഞിരാമൻ, സുനന്ദ, രാജൻ, തമ്പി, സുരേഷ്, വേലായുധൻ, ചന്തു എന്നിവരുടെ വയലുകളിലാണ് കതിരായ നെല്ല് തിന്നും ചവിട്ടിയും നശിപ്പിച്ചത്.
പാതിരിയമ്പത്ത് നടന്ന നാശത്തിനു പിന്നാലെ ഉടൻതന്നെ ദാസനക്കര പാടശേഖരത്തിലേക്കും അതേ കാട്ടാന കയറി. കർഷകർ സജ്ജമാക്കിയിരുന്ന പ്രതിരോധ മാർഗങ്ങൾ മറികടന്നാണ് കാട്ടാന പാടത്ത് എത്തിയത്. ഏറെകാലമായി ഈ പ്രദേശത്ത് ഇത്തരത്തിലുള്ള കാട്ടാന ഇറക്കം ഉണ്ടായിരുന്നില്ല. അതേസമയം അധികൃതർ വനാതിർത്തിയിൽ പ്രതിരോധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന ഉറപ്പും നൽകിയതോടെ കർഷകർ രാത്രി കാവൽ കുറഞ്ഞിരുന്നു. ഇതുമൂലമാണ് കാട്ടാനയിറങ്ങിയത് തിരിച്ചറിയാൻ വൈകുകയും നാശനഷ്ടം വ്യാപകമാകുകയും ചെയ്തത്.
വെളളം നിറഞ്ഞുനിൽക്കുന്ന പാടശേഖരങ്ങളിൽ നെല്ല് കതിരായ് തുടങ്ങിയതോടെ കാട്ടാനയുടെ വരവ് കൂടുതലാകുമെന്ന മുന്നറിയിപ്പാണ് നാട്ടുകാർ ഇപ്പോൾ ഉയർത്തുന്നത്. അതേസമയം, പ്രദേശത്ത് വാച്ചർമാരെ നിയമിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും, ഏറെ നാളായി തങ്ങിനിൽക്കുന്ന ക്രാഷ് ഗാർഡ് വേലി നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വർഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിൽ തളർന്നു നിൽക്കുന്ന പരമ്പരാഗത കർഷകർ അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. കാട്ടാന പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ സർക്കാർ ശക്തമായ ഇടപെടലുമായി വരണമെന്നും കർഷകരുടെ കൂട്ടായ അഭ്യർത്ഥന.
















