നവംബർ 21, 1906 സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തമെന്ന വലിയ മതിലിന്മേൽ ഒരു വിള്ളൽ വീഴ്ത്തിക്കൊണ്ട്, അധഃസ്ഥിത വിഭാഗങ്ങൾക്ക് കടലിൽ തൊഴിലെടുക്കാൻ അനുമതി ലഭിച്ച ദിവസം. ചരിത്രപരമായ ഈ തീരുമാനം പിറവിയെടുത്തത് 1906 നവംബർ 21-ന് വൈകുന്നേരം കടപ്പുറത്തെ മുക്കുവ മൂപ്പന്റെ ഓലപ്പുരയുടെ തിണ്ണയിൽ വെച്ചാണ്.
കേരളത്തിന്റെ സാമൂഹിക നവോത്ഥാന നായകൻ അയ്യൻകാളിയും തദ്ദേശീയ മുക്കുവ മൂപ്പനും തമ്മിൽ നടന്ന കൂടിക്കാഴ്ചയാണ് ഈ നിർണ്ണായക പ്രഖ്യാപനത്തിന് വഴിതുറന്നത്. ജന്മിത്വത്തിനെതിരെ ശക്തമായ പോരാട്ടം നയിക്കുന്ന അയ്യൻകാളിയുടെ ലക്ഷ്യങ്ങൾ തങ്ങളുടെയും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് മുക്കുവ സമൂഹം നൂറ്റാണ്ടുകളായി തുടർന്നുപോന്നിരുന്ന ‘മരയ്ക്കാന്മാരല്ലാത്തവർ കടലിൽ പണിക്കിറങ്ങരുത്’ എന്ന ആചാരത്തിൽ ഇളവുവരുത്താൻ തയ്യാറായത്.
നീണ്ട മൗനത്തിനൊടുവിൽ, പിച്ചളക്കോളാമ്പിയിലേക്ക് മുറുക്കാൻ തുപ്പിയ ശേഷം മുക്കുവ മൂപ്പൻ തന്റെ അനുചരന്മാരോട് നടത്തിയ പ്രഖ്യാപനം സവർണ്ണാധിപത്യത്തിന് ഒരു വെല്ലുവിളിയായി മാറി. “അയ്യൻകാളി പറഞ്ഞത് നിങ്ങൾ കേട്ടല്ലോ. അയിത്തക്കാരുടെ നേതാവ് നമ്മടേം ചങ്ങാതിയാണ്. ജന്മിമാർക്കെതിരെ ഇങ്ങേരു നടത്തുന്ന സമരം ജയിക്കണം, അതു നമ്മടേം ആവിശ്യം തന്നെ.
പാവങ്ങൾ പഷ്ണികെടന്നു ചാകുമ്പോൾ ആചാരം നോക്കിയിരുന്നാൽ കടലമ്മ നമ്മളോട് കോപിച്ചേക്കും. അതുകൊണ്ട്, അയ്യൻകാളീടെ ആൾക്കാർക്കൂടെ നാളെ മുതൽ പണിക്കെറങ്ങട്ടെ,” മൂപ്പൻ തന്റെ വാക്കുകൾ ഉറപ്പിച്ചു. ഈ തീരുമാനത്തെ മുക്കുവ പ്രമാണിമാർ ശിരസ്സാ വഹിച്ചതോടെ, മർദ്ദിത ജനവിഭാഗത്തിന്റെ ജീവിതത്തിൽ പുതിയൊരു പ്രഭാതമായി. വികാരഭരിതനായ അയ്യൻകാളി, “മൂപ്പാ… ഈ ഉപകാരം ജീവനൊള്ള കാലം അയ്യൻകാളി മറക്കില്ല” എന്ന് പറഞ്ഞ് തന്റെ കൃതജ്ഞത അറിയിച്ചു.
മടക്കയാത്രയിൽ വില്ലുവണ്ടി ശരവേഗത്തിൽ പാഞ്ഞതോടെ, രാത്രിതന്നെ അയ്യൻകാളിയുടെ ദൂതന്മാർ കുടികളിലെല്ലാം ഓടിയെത്തി. “നാളെ മോന്തിക്കുതന്നെ കടപ്പുറത്തെത്തി പണി തുടങ്ങാൻ അയ്യൻകാളി യജമാൻ കൽപ്പിച്ചിരിക്കുന്നു,” എന്ന സന്ദേശം അടിയാളർക്കിടയിൽ ആവേശത്തിരയിളക്കി. പിറ്റേന്ന് മുതൽ, അടിയാളന്മാർ കടലിലിറങ്ങി മീൻപിടുത്തം തുടങ്ങി. സ്ത്രീകൾ മരക്കാത്തിമാർക്കൊപ്പം മീൻകുട്ട ചുമന്ന് ഗ്രാമങ്ങളിലൂടെ കച്ചവടത്തിനായി ഇറങ്ങി. അന്നത്തെ ആ ധീരമായ തീരുമാനമാണ് ഒരു വിഭാഗം ആളുകളെ, കടലിന്റെ മക്കളായി ഇന്നും ജീവിക്കുവാൻ പ്രാപ്തരാക്കിയത്. പട്ടിണിയിൽ നിന്ന് കരകയറാൻ അന്നത്തെ ‘കാക്കവാരി’കൾക്ക് ലഭിച്ച ഈ അവസരം, കാലഹരണപ്പെട്ട ആചാരങ്ങളെ മാറ്റിവെച്ച് മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച മുക്കുവ മൂപ്പന്റെയും അദ്ദേഹത്തിന്റെ തലമുറകളുടെയും ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
















