മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരും സെക്യൂരിട്ടിയും തമ്മിലോ, ഡോക്ടറും രോഗിയും തമ്മിലോ ഒക്കെയാണ് അടിപിടി കേസുകള്‍ വരുന്നത്. തീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് സന്ദര്‍ശകരില്‍ നിന്നും മര്‍ദ്ദേനങ്ങളേല്‍ക്കുന്ന പരാതികളും വരുന്നുണ്ട്. എന്നാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കുട്ടി ഡോക്ടര്‍മാരെല്ലാം ഇപ്പോള്‍ കൂടെ പഠിക്കുന്ന മറ്റൊരു കുട്ടി ഡോക്ടറുടെ വിക്രിയ കൊണ്ട് പ്രയാസപ്പെട്ടിരിക്കുകയാണ്. പെണ്‍ സഹപാഠികള്‍ക്കാണ് ഈ കുട്ടി ഡോക്ടര്‍ പണി കൊടുത്തിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ മോശമായി പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തുകയായിരുന്നു ഈ വിരുതന്‍.
ആളെ കൈയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചു. അതും സഹപാഠികള്‍ നല്‍കിയ പരാതിയിലാണ് പിടിവീണത്. എന്നാല്‍, ഈ കൊച്ചു ഡഡോക്ടര്‍ക്ക് എവിടെ നിന്നൊക്കെയോ പരസഹായം കിട്ടുന്നുണ്ടെന്നാണ് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പോലീസ്‌റ്റേഷനിലേക്ക് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധമായി ചെന്നു. ഇതോടെ കേസില്‍ കൂടുതല്‍ എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരിക്കുകയാണ്. വയനാട് കാക്കവയല്‍ സ്വദേശിയും മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയുമായ എബേല്‍ അഗസ്റ്റിനാണ് ഒന്നാം പ്രതി.
മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതില്‍ ഇരുപതിലേറെ ഇരകളുണ്ടെന്നാണ് പൊലീസ് ഭാഷ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴു പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എബേല്‍ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്തു. അപ്പോഴാണ് ചൂഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. എബേലിന്റെ നവമാധ്യമ അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കാനുംമ തീരുമാനിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും ഗുരുതര വകുപ്പുകള്‍ ചുമത്തി എബേലിനെ അറസ്റ്റ് ചെയ്യുമെന്നും ഡി.സി.പി കെ.എസ്.സഹന്‍ഷാ പറഞ്ഞു.
എബേല്‍ അഗസ്റ്റിനെ മെഡിക്കല്‍ കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍ എന്ന് പ്രിന്‍സിപ്പലിന്റെ ഉത്തരവില്‍ പറയുന്നു. പ്രതി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് നൂറോളം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നലെ രാത്രി മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ഐടി ആക്ടിലെയും ബി.എന്‍.എസിലെയും ബാധകമായ വകുപ്പുകള്‍ ചേര്‍ത്താണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതെന്നും കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും എ.സി.പി പറഞ്ഞു. ബി.എന്‍.എസ് പ്രകാരം ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ ആദ്യം അറസ്റ്റിലേക്കു കടക്കാതെ നോട്ടിസ് നല്‍കി വിളിപ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്തതെന്നും എ.സി.പി പറഞ്ഞു.
പൊലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തിയതു കൊണ്ടാണ് പ്രതിക്കു ജാമ്യം ലഭിച്ചതെന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്‍.എച്ച്.സാലിഹ് പറഞ്ഞു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ്.ഐ മോശമായാണ് പെരുമാറിയത്. പൊലീസിനു സമ്മര്‍ദ്ദമുണ്ടായതായി സംശയമുണ്ട്. ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് പെട്ടെന്നു ജാമ്യം ലഭിക്കുന്ന നിലയുണ്ടായാല്‍ ഗുരുതരമായ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. ആ സാഹചര്യത്തിലാണ് പ്രതിഷേധം ഉയര്‍ത്തിയത്. നിരവധി കുട്ടികള്‍ക്ക് പ്രതിയില്‍നിന്നു ദുരനുഭവം ഉണ്ടായിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് ആദ്യം പരാതി നല്‍കാന്‍ തയാറായത്.
ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ പരാതി നല്‍കും. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും സാലിഹ് പറഞ്ഞു. 11 സീനിയര്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒറ്റ എഫ്.ഐ.ആര്‍ മാത്രമാണ് എടുത്തതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഒരാളില്‍ നിന്നുമാത്രം മൊഴിയെടുക്കുകയും ബാക്കിയുള്ളവരോടു പിന്നീട് വരാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും പരാതിക്കാര്‍ പറയുന്നു. സമാന പരാതികള്‍ ആയതിനാല്‍ ഒന്നിലേറെ എഫ്.ഐ.ആര്‍ പറ്റില്ലെന്നാണ് പൊലീസ് വാദം.
പ്രതിഷേധത്തിനിടെ പരാതി നല്‍കാനായി സ്റ്റേഷനുള്ളില്‍ കയറിയ വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ അറിയാതെ ഉള്‍പ്പെട്ടുപോയതാണെന്ന് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികളുടെയും പരാതിക്കാരിയുടെയും സാന്നിധ്യത്തില്‍ പൊലീസ് ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു.
















