മാരുതി സുസുക്കി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഒരു മള്‍ട്ടി പര്‍പ്പസ് വാഹനമാണ് എര്‍ട്ടിഗ. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 20,087 എര്‍ട്ടിഗകളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. എംപിവികളിലെ ജനപ്രിയ താരമായ എര്‍ട്ടിഗ മുഖം മിനുക്കി വരാനൊരുങ്ങുകയാണ്. മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പുതിയ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഫോഗ് ലാംപ്, 16 ഇഞ്ച് അലോയ് വീലുകള്‍, കൂടുതല്‍ വലിയ വിന്‍ഡോകള്‍ എന്നിവയെല്ലാം പ്രതീക്ഷിക്കാം.
എക്സ്റ്റീരിയര്‍
പുത്തന്‍ എക്സ്റ്റീരിയര്‍ സ്റ്റൈലിങിലാവും എര്‍ട്ടിഗയുടെ ഫേസ് ലിഫ്റ്റ് പതിപ്പെത്തുക. വാഹനത്തിന്റെ നീളവും കൂടും. 180-190എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ടാവും. പുതിയ മോഡലില്‍ കുറച്ചായി പ്രതീക്ഷിക്കുന്ന എല്‍ഇഡി ഹെഡ്‌ലാംപുകളും ഉണ്ടാവും. പുതിയ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഫോഗ് ലാംപ്, 16 ഇഞ്ച് അലോയ് വീലുകള്‍, കൂടുതല്‍ വലിയ വിന്‍ഡോകള്‍ എന്നിവയെല്ലാം പ്രതീക്ഷിക്കാം. വിക്ടോറിസിലേതു പോലെ പുതുതലമുറ കണക്ടഡ് എല്‍ഇഡി ടെയില്‍ ലാംപുകള്‍ കൂടി ലഭിച്ചാല്‍ എര്‍ട്ടിഗയും പുതുമുറക്കാരനായി മാറും.
ഇന്റീരിയര്‍
താങ്ങാവുന്ന വിലയില്‍ വേണ്ടത്ര സ്ഥലമുള്ള ഇന്റീരിയറാണ് എര്‍ട്ടിഗയുടെ ജനപ്രീതി കൂട്ടിയത്. 2022ലായിരുന്നു അവസാനമായി എര്‍ട്ടിഗയില്‍ മാരുതി സുസുക്കി മാറ്റങ്ങള്‍ വരുത്തിയിരുന്നത്. ഇലക്ട്രോണിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, കൂടുതല്‍ വലിയ സ്‌ക്രീനുകള്‍ എന്നിവയെല്ലാം ഉള്ളില്‍ പ്രതീക്ഷിക്കുന്നുണ്ട്.
പവര്‍ട്രെയിന്‍
മാരുതി സുസുക്കി എര്‍ട്ടിഗയുടെ പവര്‍ട്രെയിനില്‍ തൊട്ട് കളിക്കാന്‍ സാധ്യതയില്ല. 1.5 ലീറ്റര്‍ പെട്രോള്‍, സിഎന്‍ജി എന്‍ജിനുകള്‍ തുടരും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പുതിയൊരു 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെങ്കിലും എര്‍ട്ടിഗക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ്.
എന്നു വരും?
ഇതുവരെ മാരുതി സുസുക്കി ഔദ്യോഗികമായി എര്‍ട്ടിഗ എന്നു വരുമെന്ന് അറിയിച്ചിട്ടില്ല. എങ്കിലും അടുത്തവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതു തലമുറ എര്‍ട്ടിഗയെ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 2027ലായിരിക്കും ഫേസ് ലിഫ്റ്റഡ് എര്‍ട്ടിഗ വില്‍പനക്കെത്തുക. അധികം വൈകാതെ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നേക്കും.
എതിരാളികള്‍
എംപിവി വിഭാഗത്തില്‍ നിലവില്‍ കാര്യമായ എതിരാളികള്‍ മാരുതി സുസുക്കി എര്‍ട്ടിഗക്കില്ല. റെനോ ട്രൈബറും സി3 എയര്‍ക്രോസുമൊന്നും എര്‍ട്ടിഗയുടെ വില്‍പനക്ക് ഭീഷണിയായിട്ടില്ല. കിയ ക്ലാവിസ് എര്‍ട്ടിഗയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് വെല്ലുവിളിയാവുന്നുണ്ട്. ഇതിനേക്കാളെല്ലാം മുകളിലേക്ക് ഭാവിയില്‍ മറ്റൊരു വെല്ലുവിളി ഹ്യണ്ടേയില്‍ നിന്നും പ്രതീക്ഷിക്കാം. എര്‍ട്ടിഗയെ ഇന്ത്യന്‍ വിപണിയില്‍ വെല്ലുവിളിക്കാന്‍ പോന്ന ഫീച്ചറുകളും വിലയുമായി ഒരു 7 സീറ്റര്‍ എംപിവി സ്റ്റാര്‍ഗെയ്‌സറിനെ ഹ്യുണ്ടേയ് ഒരുക്കുന്നുണ്ട്. പവര്‍ട്രെയിനിലെ സിഎന്‍ജി, ഹൈബ്രിഡ് അധിക ഓപ്ഷനുകളായിരിക്കും സ്റ്റാര്‍ഗെയ്‌സറിന്റെ സവിശേഷത. കരുത്തിലും പ്രകടനത്തിലും കൂടി മികവു കാണിക്കാനായാല്‍ മാരുതി എര്‍ട്ടിഗ ഫേസ്‌ലിഫ്റ്റിന് ഹ്യുണ്ടേയുടെ 2026 ജൂലൈയില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന 7 സീറ്റര്‍ സ്റ്റാര്‍ഗെയ്‌സറാവും പ്രധാന എതിരാളി.
















