ചേറ്റുവ: പടന്നയിലെ ചിപ്പ് സമയത്ത് അടക്കാതിരുന്നതിനെ തുടർന്ന് കനോലി പുഴയിലേക്ക് കടൽജലം കയറിയതോടൊപ്പം പരിസരപ്രദേശങ്ങളിലെ കൃഷിയും ശുദ്ധജലസ്രോതസ്സുകളും ഗുരുതരമായ പ്രതിസന്ധിയിലായത് നാട്ടുകാരെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്.
മഴ കുറയുന്നതോടെ പുഴയിലെ വെള്ളനിരപ്പ് താഴുകയും തുടർന്ന് ഉപ്പുവെള്ളം പുഴയിൽ കയറി ചിപ്പിലൂടെ നേരിട്ട് തോട്ടുകളിലും കൃഷിയിടങ്ങളിലേക്കും ഒഴുകുകയാണ്. ഏങ്ങണ്ടിയൂർ, ആയിരംകണ്ണി, ചേലോട് എന്നിവിടങ്ങളിലെ പറമ്പുകളിൽ പോലും ഉപ്പുവെള്ളം എത്തി നാശനഷ്ടം വിതയ്ക്കുന്ന അവസ്ഥയാണ്.
ശുദ്ധജല കിണറുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം കലരാൻ സാധ്യത ഉയർന്നിരിക്കെ, ഇതിനെ പ്രതിരോധിക്കാൻ ചീപ്പ് അടയ്ക്കേണ്ട സമയത്ത് അടക്കാതിരുന്നത് അധികാരികളുടെ ഗുരുതര അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പ്രശ്നം വഷളാകുന്നതിന് മുമ്പ് തന്നെ പഞ്ചായത്ത് അധികാരികളെ നേരിൽകണ്ട് പ്രശ്നം അറിയിച്ചിരുന്നെങ്കിലും യാതൊരു അടിയന്തര ഇടപെടലും ഉണ്ടായില്ല. ചിപ്പ് അടയ്ക്കാനുള്ള ഉത്തരവാദിത്തം കരാറുകാരന് നൽകിയിട്ടുണ്ടെന്ന് മാത്രം പഞ്ചായത്ത് വ്യക്തമാക്കിയെങ്കിലും നടപടികൾ ഒന്നും നടപ്പിലാക്കാത്തതിൽ നാട്ടുകാർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു.
ഉപ്പുവെള്ളം ഇനി കൂടുതൽ അകത്തേക്ക് കയറിയാൽ കൃഷിയും കുടിവെള്ളവും വൻതോതിൽ നശിച്ചുപോകുമെന്ന മുന്നറിയിപ്പോടെയാണ് ലത്തീഫ് കെട്ടുമ്മൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ചേറ്റുവ–പടന്ന ചിപ്പ് ഉടൻ അടച്ച് ഉപ്പുവെള്ളം തടയാൻ അധികൃതർ ത്വരിതനടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നു.
















