ഹൃദയസ്തംഭനം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായതും ജീവൻ അപകടപ്പെടുത്തുന്നതുമായ ഒരു അവസ്ഥയാണ്. ഹൃദയം ദുർബലമാകുമ്പോഴോ തകരാറിലാകുമ്പോഴോ ഇത് സംഭവിക്കുന്നു, ഇത് ശരീരത്തിലുടനീളം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാനുള്ള കഴിവില്ലായ്മയിലേക്ക് നയിക്കുന്നു. ഈ വിട്ടുമാറാത്ത അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഹൃദയസ്തംഭനത്തിനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ ഓപ്ഷനുകൾ, ജീവിതശൈലി പരിഷ്‌ക്കരണങ്ങൾ എന്നിവ മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.
അതേസമയം ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വർധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് ഹൃദയസ്തംഭനം. ലോകത്തിൽ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കിൽ, കേരളത്തിൽ 60 വയസ്സിനു മുകളിൽ തന്നെ ധാരാളം രോഗികൾ ഇതേ കാരണത്താൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്.
ഹൃദയസ്തംഭനം വളരെ പെട്ടെന്ന് സംഭവിക്കുന്നതല്ല. അതിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ ശരീരം വളരെ നേരത്തെ തന്നെ സൂചിപ്പിക്കുമെങ്കിലും തിരിച്ചറിയാതെ പോകുന്നതാണ് വെല്ലുവിളിയാവുന്നത്. ഹൃദയസ്തംഭനത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ വളരെ സൂക്ഷ്മവും നിശബ്ദവുമാണ്. ഇത് പലപ്പോഴും സമ്മർദ്ദം, വാർദ്ധക്യം എന്നിവയുമായി ബന്ധപ്പെടുത്തിയും അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളായും തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കാർഡിയോളജിസ്റ്റും ഹാർട്ട് ട്രാൻസ്പ്ലാൻറ് സർജനുമായ ഡോ. ദിമിത്രി യാരനോവ് പറയുന്നു.
symptom-of-heart-failure
ശരീരഭാരം വർധിക്കുന്നു
ഏതാനും ദിവസങ്ങൾക്കുള്ളിൽ പെട്ടെന്ന് ശരീരഭാരം വർധിക്കുന്നത് ശ്രദ്ധികണം. ഇത് ദ്രാവകം കോശങ്ങളിൽ തങ്ങി നിൽക്കുന്നതിന്റെ സൂചനയാകാം ( fluid retention). ഇത് ഹൃദയസ്തംഭനത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. നേരത്തെ തിരിച്ചറിയുന്നത്, ജീവൻ രക്ഷിക്കാൻ വരെ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.
വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ ശ്വാസംമുട്ടൽ
ഹൃദയസ്തംഭവുമായി ബന്ധപ്പെട്ട് വിട്ടുമാറാത്ത ചുമ, കണ്ടുവരുന്ന മറ്റൊരു ലക്ഷണമാണെന്നും അദ്ദേഹം പറയുന്നു. ഇത് ജലദോഷത്തിന്റെ അല്ലെങ്കിൽ മറ്റ് രോഗങ്ങളുടെ ലക്ഷണമായി തെറ്റിദ്ധരിക്കാം. കിടക്കുമ്പോൾ വഷളാകുന്ന ചുമ എല്ലായ്പ്പോഴും ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കില്ല, പലപ്പോഴും വരണ്ട ചുമയുടെ രൂപത്തിലാകും പ്രത്യക്ഷപ്പെടുക.
ഓക്കാനം, വിശപ്പില്ലായ്മ
ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ കുടൽ സംബന്ധമായ പ്രശ്നങ്ങളും ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടിരിക്കാം. ഹൃദയം മന്ദഗതിയിലാകുമ്പോൾ, കുടലിലെ പ്രവർത്തനങ്ങളും മന്ദഗതിയിലാകുന്നു. പെട്ടെന്ന് വയറു നിറയുന്നത് അല്ലെങ്കിൽ പെട്ടെന്നുള്ള ഓക്കാനം എന്നിവയൊക്കെ ശരീരം നൽകുന്ന നിശബ്ദമായ സൂചനയായിരിക്കാം.
ആശയക്കുഴപ്പം അല്ലെങ്കിൽ ഓർമക്കുറവ്
ശരീരത്തിലെ രക്തയോട്ടം കാര്യക്ഷമമായി നടക്കാതെ വരുമ്പോൾ അത് തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഇത് ഓർമക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ വൈജ്ഞാനിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ പറയുന്നു.
ഉറങ്ങാൻ ബുദ്ധിമുട്ട്
ഉറക്ക പ്രശ്നങ്ങൾ ഹൃദയസ്തംഭനത്തിന്റെ ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങളാകാം. ഉറക്കമില്ലായ്മ, ഉറക്കത്തിൽ ഞെട്ടി ഉണരുക, മോശം ഉറക്കം എന്നിവയെല്ലാം ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.
















