റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ച് റിലയൻസ് റിഫൈനറി. തീരുമാനം റഷ്യൻ എണ്ണ കമ്പനികൾക്കുള്ള യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്നതിന് പിന്നാലെ. ജാംനഗറിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് അവസാനിപ്പിച്ചത്.
റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നിവയ്ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ന് മുതലാണ് നിലവില്‍ വരിക. ഇരു കമ്പനികളില്‍ നിന്നുമാണ് ഇന്ത്യയിലേക്കുള്ള ഏകദേശം 70 ശതമാനത്തോളം റഷ്യന്‍ എണ്ണയും ഇറക്കുമതി ചെയ്യുന്നത്. റോസ്നെഫ്റ്റില്‍ നിന്നുമാത്രം പ്രതിദിനം 500,000 ബാരലാണ് റിലയന്‍സ് വാങ്ങിയിരുന്നത്. നയാര എനര്‍ജിയുടെ 49 ശതമാനത്തോളം വരുമിത്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് മിക്ക ഇന്ത്യന്‍ കമ്പനികളും അവസാനിപ്പിക്കുന്നതോടെ ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ള 25 ശതമാനം ഇറക്കുമതി തീരുവ പുനഃപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നത്. റഷ്യന്‍ എണ്ണയുടെ പേരില്‍ നേരത്തെ 50 ശതമാനം ഇറക്കുമതിത്തീരുവയാണ് ട്രംപ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ സാരമായി ഉലച്ചിരുന്നു.
റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെങ്കിലും ജാംനഗറില്‍ നിന്നുള്ള കയറ്റുമതിക്ക് തടസമുണ്ടാകില്ലെന്നും റിലയന്‍സ് അറിയിച്ചു. റഷ്യന്‍ ക്രൂഡ് യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നതിന് യൂറോപ്യന്‍ യൂണിയനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് റിഫൈനറി കോംപ്ലക്സാണ് ജാംനഗറില്‍ റിലയന്‍സിനുള്ളത്. പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ ക്രൂഡാണ് ഇവിടെ സംസ്കരിക്കുന്നത്.
കരാര്‍ അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും അവസാനത്തെ കാര്‍ഗോ നവംബര്‍ 12നാണ് എത്തിയതെന്നും റിലയന്‍സ് വ്യക്തമാക്കി.
















