മഞ്ചേരി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു. പുൽപറ്റ പൂക്കൊളത്തൂർ കലേങ്ങൽ സ്വദേശികളായ ശ്രീജേഷ് – ശോഭ ദമ്പതികളുടെ മകനായ അർജുൻ (1 വയസും 3 മാസവും) ആണ് മരിച്ചത്. സംഭവം വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു.
കുട്ടിയുടെ കാലിൽ നിന്ന് രക്തം വന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആദ്യം തൃപ്പനച്ചി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പുകടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ സ്ഥലത്ത് പരിശോധന നിർദേശിച്ചു. ഇതാനുസരിച്ച് നടത്തിയ തിരച്ചിലിൽ മൂർഖൻ പാമ്പിനെ വീട്ടുമുറ്റത്ത് കണ്ടെത്തി.
















