ചെന്നൈ: 2010-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ “വിണ്ണൈത്താണ്ടി വരുവായ” എന്ന തമിഴ് ചിത്രത്തിലെ രംഗങ്ങളും പശ്ചാത്തല സംഗീതവും ഉപയോഗിക്കുന്നതിൽ നിന്ന് പുതിയ തമിഴ് ചിത്രമായ “ആരോമലേ”യുടെ നിർമ്മാതാക്കളെ മദ്രാസ് ഹൈക്കോടതി വിലക്കി. ‘വിണ്ണൈത്താണ്ടി വരുവായ’യുടെ നിർമ്മാതാക്കളായ ആർഎസ് ഇൻഫോടെയ്ൻമെന്റ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ സെന്തിൽകുമാർ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചത്.
2010-ൽ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന സിനിമയിലെ ചില ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും ഇതിൽ കടന്നുവരുന്നുണ്ട്. സിനിമയുടെ നിർമാതാക്കളായ തങ്ങൾക്കാണ് വിണ്ണൈ താണ്ടി വരുവായായിലെ ദൃശ്യങ്ങളുടെയും സംഗീതത്തിന്റെയും അവകാശമെന്നും അനുമതി കൂടാതെയാണ് അത് പുതിയ സിനിമയിൽ ഉപയോഗിച്ചതെന്നും ആർ.എസ്. ഇൻഫൊടെയ്ൻമെന്റ് ഹർജിയിൽ പറയുന്നു.
നവാഗത സംവിധായകനായ സാരംഗ് ത്യാഗുവിന്റെ ആരോമലേ നവംബർ ഏഴിനാണ് പ്രദർശനത്തിയത്. തിയേറ്ററുകളിലും വൈകാതെ ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം പ്രദർശിപ്പിക്കുമ്പോൾ തങ്ങളുടെ സിനിമയിലെ ദൃശ്യങ്ങൾ നീക്കംചെയ്യാൻ നിർദേശിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
















