മനുഷ്യനും മൃഗങ്ങൾക്കുമൊക്കെ നടക്കാനുള്ള കഴുവുണ്ടെങ്കിലും ഒരു മരം നടക്കും എന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാൻ കഴിയുമോ? എന്നാൽ മധ്യ, ദക്ഷിണ അമേരിക്കൻ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരു മരം ‘നടക്കുന്ന പന’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സൊക്രാറ്റിയ എക്സോറൈസ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ മരത്തിന് നടക്കുന്ന പന എന്ന് പേര് ലഭിക്കാൻ ചില കാരണങ്ങളുണ്ട് കേട്ടോ? നിലത്തുനിന്ന് അനേകം അടി ഉയരത്തിൽ വളരുന്ന അസാധാരണമായ താങ്ങുവേരുകളാണ് ഈ മരത്തിന്റെ പ്രധാന പ്രത്യേകത. പെട്ടെന്ന് കണ്ടാൽ ഒരു മരം കാലുകളുമായി നിൽക്കുന്നതായി തോന്നും. ഈ വേരുകളാണ് ഇവയ്ക്ക് നടന്നു നീങ്ങുന്ന മരങ്ങൾ എന്ന പേര് വരാനിടയാക്കിയത്. സത്യമെന്തെന്നാൽ ഈ മരത്തിനും മറ്റ് മരങ്ങളുടേതുപോലെ നടക്കാനുള്ള കഴിവൊന്നുമില്ല. കാലുപോലെ തോന്നിക്കുന്ന ഇവയുടെ വേരുകളാണ് നടന്നു നീങ്ങുന്ന മരങ്ങൾ എന്ന മിത്ത് ഈ പനകൾക്കു വന്നു ചേരാൻ കാരണമായത്. 15 മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ പനയുടെ തായ്ത്തടിക്ക് സാധാരണയായി 12 മുതൽ 16 സെന്റിമീറ്റർ വരെ വ്യാസമേ ഉണ്ടാകൂ.
നടക്കുന്ന പനയുടെ താങ്ങുവേരുകൾക്ക് ചില പാരിസ്ഥിതിക ഗുണങ്ങളുണ്ട്. ചതുപ്പുനിലങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞ വനപ്രദേശങ്ങളിലും സാധാരണ വേരുപടലങ്ങൾക്ക് വളരാൻ പ്രയാസമാണ്. അത്തരം സാഹചര്യങ്ങളിൽ ഈ വേരുകൾ മരത്തിന് സ്ഥിരത നൽകുന്നുണ്ടെന്നു കരുതപ്പെടുന്നു. നിലത്തിനു മുകളിൽ പുറത്തേക്ക് വളരുന്ന വേരുകൾ ഉള്ളതുകൊണ്ട്, വീണുകിടക്കുന്ന മരത്തടികൾ, കുന്നുകൂടിയ ഇലകൾ തുടങ്ങിയ തടസ്സങ്ങളെ മറികടക്കാൻ മരത്തിന് സാധിക്കുന്നു. മെലിഞ്ഞ തായ്ത്തടിയോടെ കൂടുതൽ ഉയരത്തിൽ വളരാനും സ്ഥിരത നിലനിർത്താനും പനയ്ക്ക് കഴിയുന്നതും ഈ വേരുകൾ കാരണമാണ്.
നടക്കുന്ന പനയെക്കുറിച്ചുള്ള ഗവേഷകർക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഒരു പ്രത്യേക ദിശയിലേക്ക് പുതിയ വേരുകൾ വളർത്തുകയും പഴയവ നശിച്ചുപോകാൻ അനുവദിക്കുകയും ചെയ്യുന്ന ഈ മരത്തിന് മെച്ചപ്പെട്ട പ്രകാശമോ മണ്ണിന്റെ സാഹചര്യങ്ങളോ തേടി അൽപം നീങ്ങാൻ കഴിയുമെന്നതാണ് ആ വിശ്വാസം. എന്നാൽ ഇതിനും ശാസ്ത്രീയ സ്ഥിരീകരണമില്ല. മരം അക്ഷരാർഥത്തിൽ നീങ്ങുന്നില്ലെന്നും പഴയ വേരുകൾ നശിക്കുമ്പോൾ പുതിയവ വളർത്തി പരിസ്ഥിതിയുമായി പൊരുത്തപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിനെ എതിർക്കുന്നവർ വാദിക്കുന്നു.
നടക്കുന്ന പനയെക്കുറിച്ച് ധാരാളം മിത്തുകൾ നിലവിലുണ്ടെങ്കിലും ഈ പനയുടെ അസാധാരണമായ വേരുകൂട്ടം സസ്യശാസ്ത്രജ്ഞരെയും പ്രകൃതിസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്നവയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ തഴച്ചുവളരാൻ സസ്യങ്ങൾ ആവിഷ്കരിക്കുന്ന സവിശേഷ പരിണാമതന്ത്രങ്ങളുടെ മികച്ച പ്രതീകമാണ് നടക്കുന്ന മരം എന്നറിയപ്പെടുന്ന ഈ പനയുടെ വേരുകൾ.
















