ദമ്മാം: ദമ്മാമിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. വാഹനമോടിച്ച് ട്യുയഷന് പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോയ വഴിയിൽ ആയിരുന്നു സംഭവം. കോട്ടയം ജില്ലയിലെ മണർകാട്, ഐരാറ്റുനട ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് വർഗീസ് (45) ആണ് മരിച്ചത്.
വാഹനമോടിച്ച് കൊണ്ടിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വാഹനം ഇടിച്ച് നിർത്തിയ ശേഷം പുറത്തിറങ്ങിയ ലിബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ദമ്മാമിൽ 12 വർഷമായി പ്രവാസിയാണ്. ഹമദ് എസ് അൽ ഹവാസ് & പാർട്ണർ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്‌തുവരികയായിരുന്നു. ഭാര്യ: മഞ്ജുഷ കിങ് ഫഹദ് ഹോസ്പ്‌പിറ്റലിൽ നഴ്‌സായി ജോലി ചെയ്‌തുവരുന്നു. ദമ്മാം ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ഏബൽ, ഡാൻ എന്നിവർ മക്കളാണ്.
ദമ്മാമിലെ കലാ-സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ലിബു തോമസ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവ് സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെയും വർഗീസ് പെരുമ്പാവൂരിൻ്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
















