ദുബായ്: ദുബായ് എയർ ഷോയുടെ പ്രകടനത്തിനിടെ യുദ്ധ വുമാനം തകർന്നുവീണു. ഇന്ത്യയുടെ തേജസ് യുദ്ധ വിമാനമാണ് എയർ ഷോക്കിടെ തകർന്നു വീണത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന്റെ (എച്ച് എ എൽ) നിർമ്മിത തേജസ് എം കെ -1 വിമാനമാണ് തകർന്നത്, ഇത് ലൈറ്റ് കോമ്പാറ്റ് വിമാനമായാണ് അറിയപ്പെടുന്നത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. പൈലറ്റായ വിങ് കമാൻഡർ നമൻഷ് സ്യാലിന് വീരമൃത്യു. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനത്തിനിടെ വിമാനം തകർന്നുവീഴുകയായിരുന്നുവെന്ന് എയർഷോ അധികൃതർ പറഞ്ഞു.
വിദേശ രാജ്യങ്ങളിലടക്കം വൻ ഡിമാന്റ്റ് ഉള്ള യുദ്ധ വിമാനമാണ് ഇന്ത്യയുടെ തേജസ്.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധ വിമാനമാണ് എച്ച്എഎൽ തേജസ്. ഡിആർഡിയുടെ കീഴിലുള്ള എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി രൂപകൽപന ചെയ്‌ത ലഘു വിമാനത്തിന്റെ നിർമാണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡാണ്. 2015ലാണ് തേജസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പർസോണിക് വിമാനമാണ് തേജസ്.
എയ്റോ ഇന്ത്യ 2023ൽ തേജസിന് 50000 കോടി രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചിരുന്നു. 2023ന് മുൻപ് തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും 84,000 കോടിയുടെ ഓർഡർ ലഭിച്ചിരുന്നു. 2025 ആകുമ്പോഴേക്കും 16 വിമാനങ്ങൾ കൈമാറുകയാണ് ലക്ഷ്യം. മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനം വാങ്ങാൻ ഇന്ത്യയെ സമീപിച്ചിരുന്നു.
















