കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്നതും മറിഞ്ഞു വീഴുന്നതും ഒക്കെ സാദാരണ വിഷയമാണ്. പലപ്പോഴും ആ വീഴ്ചയിൽ മുറിവും പറ്റാറുണ്ട് ആശുപത്രിയിൽ പോയി ചികിൽസിക്കാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വന്ന വാർത്ത ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. കളിക്കുന്നതിനിടയിൽ വീണ് പറ്റിയ ഗുരുതരമായ മുറിവിന് ചികിത്സ തേടിയെത്തിയ പിഞ്ചുബാലന് ഉത്തർപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന ദുരനുഭവമാണ്. ചോരയൊലിപ്പിച്ച മുറിവ് തുന്നിക്കെട്ടുന്നതിന് പകരം, കുട്ടികളുടെ ജീവൻ വെച്ച് കളിച്ചുകൊണ്ട് അവിടെയുള്ള ഡോക്ടർ ഉപയോഗിച്ചത് സാധാരണയായി സാധനങ്ങൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന ഫെവിക്വിക് (Feviquick) എന്ന പശ! കടുത്ത വേദനയിൽ നിലവിളിച്ച കുഞ്ഞിനെ ശ്രദ്ധിക്കാതെ ഡോക്ടർ നടത്തിയ ഈ ‘പ്രാകൃത ചികിത്സ’ രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഉത്തർപ്രദേശിലെ മീററ്റിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. ജാഗ്രതിവിഹാർ സ്വദേശിയായ സർദാർ ജസ്പിത് സിംഗിന്റെ മകനാണ് ഈ ക്രൂരമായ ചികിത്സയ്ക്ക് ഇരയായത്. വീട്ടിൽ ഓടിക്കളിക്കുന്നതിനിടെ മേശയുടെ സൈഡിലിടിച്ച് കുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. തുടർന്ന് അടിയന്തര ചികിത്സയ്ക്കായി കുട്ടിയെ സമീപത്തെ ഭാഗ്യശ്രീ എന്ന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുറിവ് പരിശോധിച്ച ഡോകടർ, തുന്നൽ ഒഴിവാക്കി, വേദനകൊണ്ട് പുളഞ്ഞ കുട്ടിയുടെ തലയിലെ മുറിവിന്റെ അരികുകൾ ചേർത്തുപിടിച്ച് അതിനു മുകളിൽ ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ കുഞ്ഞ് രാത്രി മുഴുവൻ കരച്ചിലായിരുന്നു. ഇതോടെ രക്ഷിതാക്കൾക്ക് സംശയം തോന്നുകയും അടുത്തുള്ള ലോപ്രിയ എന്ന മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകുകയും ചെയ്തു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്ക് തലയിലെ മൃദുലമായ ഭാഗത്തുനിന്ന് ഫെവിക്വിക്ക് നീക്കം ചെയ്യുന്നത് ഒരു വെല്ലുവിളിയായി മാറി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പശ പൂർണ്ണമായും നീക്കം ചെയ്തത്.
ശേഷം മുറിവ് വൃത്തിയാക്കി അവർ കുട്ടിയെ തുന്നിക്കെട്ടി. കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടായ കുടുംബം സംഭവത്തിൽ പരാതി നൽകി. മീററ്റ് മെഡിക്കൽ ഓഫീസർ അശോക് ഖട്ടാരിയയുടെ നിർദ്ദേശപ്രകാരം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ അടക്കം പരാതി നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.
ഇത്തരം പ്രാകൃത ചികിത്സ ഇന്ത്യയിൽ ആദ്യമായിട്ടല്ല നടക്കുന്നത് എന്നതാണ് കൂടുതൽ ഞെട്ടിക്കുന്ന സത്യം. ഈ വർഷം ജനുവരിയിൽ കർണാടകയിലെ ഹാവേരി ജില്ലയിലുള്ള ഹാനഗലിലെ ആദൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സമാന സംഭവം നടന്നു. കളിക്കുന്നതിനിടെ കവിളിൽ ആഴത്തിൽ മുറിവേറ്റ ഏഴ് വയസ്സുകാരൻ ഗുരുകൃഷ്ണനെ ഡോക്ടർമാർ തുന്നലിന് പകരം ഫെവിക്വിക് ഉപയോഗിച്ച് ഒട്ടിച്ചു. അന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു നഴ്‌സിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
പിന്നീട് രണ്ടു വർഷം മുമ്പ് തെലങ്കാനയിൽ ഏഴ് വയസ്സുള്ള മകന് പരിക്കേറ്റപ്പോൾ ഡോക്ടർ നാഗാർജുന ഫെവിക്വിക് ഉപയോഗിച്ച് മുറിവ് ഒട്ടിച്ചതായി വംശി കൃഷ്ണ, ഭാര്യ സുനിത എന്നിവർ പരാതി നൽകിയിരുന്നു.
ചില ആശുപത്രികളിൽ ചെറിയ പരിക്കുകൾക്ക് മുറിവിന്റെ അരികുകൾ ഒട്ടിക്കാൻ ഡെർമബോണ്ട് (Dermabond) പോലുള്ള മെഡിക്കൽ ഗ്രേഡ് സ്കിൻ പശകൾ ഉപയോഗിക്കാറുണ്ട്. ഇത് സ്റ്റിച്ച് ഇട്ടതിന് മുകളിൽ പോലും വെള്ളം കയറാതെയിരിക്കാനും പാടുകൾ കുറയ്ക്കാനും സഹായിക്കും. എന്നാൽ, വൈദ്യശാസ്ത്രപരമായി അംഗീകാരമില്ലാത്ത ഫെവിക്വിക് പോലുള്ള ഉൽപ്പന്നങ്ങൾ മുറിവിൽ ഉപയോഗിക്കുന്നത് തികച്ചും അശാസ്ത്രീയവും നിയമലംഘനവുമാണ്.
ഇതിന് പുറമെ, ഉത്തരേന്ത്യയിൽ നവജാത ശിശുക്കളെ കൊല്ലാനായി കുട്ടികളുടെ ചുണ്ടിൽ ഫെവിക്വിക് തേച്ചുപിടിപ്പിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തെയും സുരക്ഷയെയും കണക്കിലെടുക്കാതെയുള്ള ഇത്തരം നടപടികൾക്കെതിരെ ശക്തമായ നിയമനടപടികൾ ആവശ്യമാണ്.
















