ജീവിതം ഒരു സമയത്ത് അവൾക്ക് മുന്നിൽ അടഞ്ഞതുപോലെ തോന്നിയിരുന്നു. പക്ഷേ, അവൾ തന്റെ മനശ്ശക്തിയാൽ അതെല്ലാം തകർത്ത് കടന്നുപോയി… 1997-ൽ വെറും 17-ാം വയസ്സിൽ സംഗീതയ്ക്കു ആലപ്പുഴ മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം നൽകിയ വിലയിരുത്തൽ കഠിനമായിരുന്നു. മയോപ്പതി, പേശികളുടെ ബലം കുറയുന്ന രോഗം, വൈകല്യം 60 ശതമാനം, ആയുസ്സു പരിധി ‘ഏറിവന്നാൽ 22 വയസ്സ് വരെ’. പക്ഷേ, ഈ വാക്കുകൾ സംഗീതയെ തളർത്തിയില്ല. മറിച്ച്, ജീവിക്കണം, സ്വപ്നങ്ങൾ യാഥാർഥ്യമാക്കണം എന്ന ഉറച്ച തീരുമാനത്തോടെ അവൾ മുന്നേറി.
ചേർത്തല എസ്എൻ കോളേജിൽ പ്രീഡിഗ്രി പഠിക്കുമ്പോൾ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 1997 ജൂലായ് 30-നാണ് ആ വിവരം ഡോക്ടർ പറഞ്ഞത്. നടക്കാൻ പരസഹായം വേണ്ടിയിരുന്നെങ്കിലും ചക്രക്കസേര ഉപയോഗിച്ചില്ല.
തുടർന്ന് ഫാർമസി പഠിക്കാനായി അതേ മെഡിക്കൽ കോളേജിലെത്തിയതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. തുടർന്നായിരുന്നു ഫാർമസി കോഴ്സിൽ പ്രവേശനം. പഠനശേഷം 11 വർഷം ചേർത്തല എക്സ്-റേ ആശുപത്രിയിൽ ജോലിചെയ്തു. പിഎസ്‌സി വഴി 2013 ജനുവരി 29-ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലിക്കെത്തി, ആവുംവിധം നടന്നു തന്നെ.
2024 ഫെബ്രുവരിയിൽ ഉണ്ടായ ബൈക്ക് അപകടമാണ് ശരീരാവസ്ഥ കഠിനമാക്കിയത്. പേശികൾ അപ്രതീക്ഷിതമായി വഴങ്ങാതായപ്പോൾ സംഗീത ഇലക്ട്രിക് ചക്രക്കസേര സ്വീകരിച്ചു. ഇപ്പോൾ ചേർത്തലയിൽ നിന്നുള്ള 30 കിലോമീറ്റർ ദൂരം പ്രത്യേക വാനിൽ ഇലക്ട്രിക് വീൽചെയറിലിരുന്നാണ് അവർ മെഡിക്കൽ കോളേജിലെത്തുന്നത്.
മെഡിക്കൽ കോളേജുകളിലെ ഫാർമസിസ്റ്റുകൾക്കായി ഓൾ കേരള ഫാർമസിസ്റ്റ് യൂണിയൻ നൽകുന്ന മികവിനുള്ള സംസ്ഥാന പുരസ്കാരം ഇത്തവണ സംഗീതയ്ക്കാണ്.
ചേർത്തല തെക്ക് സഹകരണബാങ്ക് റിട്ട. സെക്രട്ടറി സി.വി. പുരുഷന്റെയും കെ.വി. സുശീലയുടെയും മകളാണ് സംഗീത. ജീവിത പോരാട്ടങ്ങളിൽ കൂടെ സംഗീതക്ക് കരുത്തായി ഭർത്താവ് പി.പി. രാജേഷ് കൂടെയുണ്ട്.
ഒരിക്കൽ ‘22 വയസ്സുവരെ’ എന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ഇന്ന് 43 വയസ്സിൽ, ജീവിതവിജയത്തിന്റെ പ്രതീകമായി അവൾ നിൽക്കുന്നു. രോഗം ജീവിതത്തെ തളർത്തുമെങ്കിലും മനസ്സിനെ തളർത്താനാവില്ല. സംഗീതയുടെ കഥ അത് തെളിയിക്കുന്നു.
















