പതിമൂന്നാം വയസ്സില്‍ ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞ് രാജ്യത്തിനു വേണ്ടി സ്‌നൂക്കര്‍ ടേബിളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഒരു താരത്തിന്റെ ലഹരിഉപയോഗം തകര്‍ത്ത ജീവിതം. ബോധമില്ലാത്ത പകലുകള്‍. ബന്ധങ്ങള്‍ക്ക് വിലകല്പിക്കാത്ത ഇടപെടലുകള്‍. എപ്പോഴും അര്‍ദ്ധ ബോധവാസ്ഥയിലുള്ള ജീവിതം. ഒടുവില്‍ സഹികെട്ട്, ആ രാജ്യച്ചിന്റെ അഭിമാനമായിരുന്ന സ്‌നൂക്കര്‍ താരത്തിനോട് സ്വന്തം അമ്മ പറഞ്ഞ വാക്കുകള്‍ ഇതാണ്, ‘ഒന്ന് ചത്ത് തരാവോ നിനക്ക്.. എനിക്ക് നിന്നെ ഇനി ഇങ്ങനെ കാണാന്‍ വയ്യ’ എന്നാണ്. ലഹരിയുടെ അടിമയെ വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ ആ മാതാവിന്റെ അവസാന വാക്കുകളായിരുന്നു അത്. ആ വാക്കുകളുടെ പിന്‍ബലത്തോടെ അാള്‍ തിരിച്ചു കയറിവന്നത്, നല്ല ജീവിതത്തിന്റെ പകലുകളിലേക്കാണ്. ഹൃദയം നുറുങ്ങി ഒരു അമ്മയ്ക്ക് സ്വന്തം മകനോട് ഇങ്ങനെ പറയേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ.
ഗതികെട്ട മാതാപിതാക്കളുടെ അവസാനത്തെ നിലവിളിയായിരിക്കും അത്. ആ വാക്കുകള്‍ കേള്‍ക്കേണ്ടി വന്ന മകന്‍ ഞാനായിരുന്നു ആ സ്‌നൂക്കര്‍ താരം. കളിക്കളത്തിലും, ജീവിതത്തിലും ലഹരി ആസ്വദിക്കുന്നവരുടെ എണ്ണം കുറവൊന്നുമല്ല. തുടക്കം താത്ക്കാലിക ആസ്വാദനത്തിനു മാത്രമാണെങ്കില്‍ പിന്നീടത് ഇല്ലാതെ ജീവിക്കാനാവാത്ത വിധം അടുത്തു പോകും. ഇങ്ങനെയാണ് കൈയ്യിലുള്ള ജീവിതം കൈവിട്ടു പോകുന്നത്. അങ്ങനെ ലഹരിയില്‍ നിന്നും നല്ല ജീവിതത്തിലേക്ക് രക്ഷപ്പെട്ടു വന്ന ഒരാളാണ് സ്‌നൂക്കര്‍ താരം. അദ്ദേഹത്തിന്റെ പേര് പ്രത്യേകിച്ച് എഴുതാത്തത്, വീണ്ടും അയാള്‍ സ്‌നൂക്കര്‍ ടേബിളില്‍ ഇറങ്ങേണ്ടതാണ്. അപ്പോള്‍, അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണ ജനങ്ങള്‍ നല്‍കേണ്ടതുണ്ട്. അതുകൊണ്ട് തത്ക്കാലം സ്‌നൂക്കര്‍ താരം എന്നുമാത്രം പരിചയപ്പെട്ടിരിക്കാം.
- സ്‌നൂക്കര്‍ താരത്തിന്റെ ലഹരിക്കഥ ഇങ്ങനെ
പതിമൂന്നാം വയസ്സില്‍ ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞ്, സ്‌നൂക്കര്‍ ടേബിളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഒരു കൗമാരകാലം എനിക്കുണ്ടായിരുന്നു. നാടിനും വീടിനും ഞാന്‍ അഭിമാനമായിരുന്നു. മകനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ അമ്മയുടെ വാക്കുകളില്‍ അന്ന് നൂറ് നാവായിരുന്നു. എന്നാല്‍, പതിനെട്ടാം വയസ്സില്‍ വെറുമൊരു തമാശയ്ക്ക് തുടങ്ങിയ ഹെറോയിന്‍ ഉപയോഗം എന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ഞാനറിയാതെ തന്നെ ഞാന്‍ ലഹരിയുടെ കരാളഹസ്തങ്ങളില്‍ അമര്‍ന്നു. ലഹരിക്ക് പണം കണ്ടെത്താന്‍ കള്ളം പറയുക, വീട്ടില്‍ മോഷണം നടത്തുക, പ്രിയപ്പെട്ടവരെ ഭീഷണിപ്പെടുത്തുക തുടങ്ങി ഒരു മനുഷ്യന് ചെയ്യാവുന്ന എല്ലാ മോശം പ്രവൃത്തികളിലും ഞാന്‍ ഏര്‍പ്പെട്ടു.
എന്നെ ഭയന്ന് അലമാരകള്‍ പൂട്ടാനും, ആഭരണങ്ങള്‍ ഒളിപ്പിക്കാനും, ഒടുവില്‍ കാര്‍ പോലും വില്‍ക്കാനും എന്റെ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. അമ്മയുടെ കണ്ണുനീരും കഠിന തീരുമാനവും ഒടുവില്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന എനിക്ക് ഒരു ജനലിലൂടെ ഭക്ഷണം നീട്ടി നല്‍കേണ്ട ഗതികേടിലേക്ക് എന്റെ അമ്മ എത്തിപ്പെട്ടു. ഒരു ദിവസം വിവസ്ത്രനായി ബാത്ത്‌റൂമില്‍ ബോധമറ്റ് കിടക്കുന്ന എന്നെ കണ്ടപ്പോഴാണ് സഹികെട്ട് അമ്മ ആ വാക്കുകള്‍ പറഞ്ഞത്: ‘പുച്ചീ… ഒന്ന് ചത്ത് തരാവോ നിനക്ക്…’ പകുതി ബോധത്തിലായിരുന്നെങ്കിലും ആ വാക്കുകള്‍ എന്റെ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു. ആ തകര്‍ച്ചയില്‍ നിന്നാണ് ചികിത്സയ്ക്ക് തയ്യാറാണെന്ന് ഞാന്‍ സമ്മതിച്ചത്.
റീഹാബിലെ ചികിത്സാകാലം ദുസ്സഹമായിരുന്നു. വിറച്ചും വിയര്‍ത്തും അവിടെ കിടക്കുമ്പോള്‍ എന്നെ അവിടെയാക്കിയ അമ്മയോട് എനിക്ക് അടങ്ങാത്ത വെറുപ്പായിരുന്നു. ഒരിക്കല്‍ ചികിത്സ പൂര്‍ത്തിയാക്കാതെ അമ്മ എന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. എന്നാല്‍ പുറത്തിറങ്ങിയ അന്ന് തന്നെ ഞാന്‍ വീണ്ടും ലഹരി ഉപയോഗിച്ചു. ശരീരം ഭേദമായെങ്കിലും മനസ്സ് ലഹരിയുടെ പിടിയിലായിരുന്നു. പക്ഷേ, എന്റെ അമ്മ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. എന്നെ വീണ്ടും റീഹാബിലാക്കി. ‘അമ്മേ, എന്നെ ഇവിടുന്ന് കൊണ്ടുപോകണേ’ എന്ന് ഫോണിലൂടെ ഞാന്‍ കരഞ്ഞപേക്ഷിച്ചപ്പോഴും അമ്മ കല്ലുപോലെ ഉറച്ചുനിന്നു. അന്ന് അമ്മയുടെ മനസ്സ് അലിഞ്ഞിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്ന് എനിക്കറിയാം.
ഇന്ന് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ വന്നിരിക്കുന്നു. അന്ന് എന്നോടൊപ്പം ലഹരി ഉപയോഗിച്ചിരുന്ന പല കൂട്ടുകാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നത് എന്റെ കരുത്തുകൊണ്ടല്ല, മറിച്ച് എന്റെ അമ്മയ്ക്ക് എന്നേക്കാള്‍ കരുത്തുണ്ടായിരുന്നത് കൊണ്ടാണ്. ജീവിതം കൈവിട്ടുപോയി എന്ന് തോന്നുന്നവര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. തിരിച്ചുവരാനുള്ള നിശ്ചയദാര്‍ഢ്യവും ചേര്‍ത്തുപിടിക്കാന്‍ സ്‌നേഹമുള്ള ഒരു കൈയുമുണ്ടെങ്കില്‍, ഏത് നരകത്തില്‍ നിന്നും നമുക്ക് ജീവിതത്തിലേക്ക് തിരികെ നടക്കാം.
CONTENT HIGH LIGHTS; ‘Puchi.. will I give you a death sentence’: I can’t see you like this anymore; Those words hit me like a nail in the chest; The words my mother said to the snooker star?
















