കൊയിലാണ്ടി: കൗമാര പ്രതിഭകളുടെ കലയ്ക്കായി വേദിയൊരുക്കി 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കൊയിലാണ്ടിയിൽ. അഞ്ച് ദിവസത്തേക്ക് കലയുടെ ആഘോഷമായിരിക്കും ഈ നഗരത്തിലെന്ന് സംഘാടകർ പറയുന്നു.
കൊയിലാണ്ടിയിൽ പത്ത് വർഷങ്ങൾക്ക് ശേഷം ജില്ലാകലോത്സവം എത്തുന്നത് . സ്റ്റേഡിയം ഗ്രൗണ്ടിനൊപ്പം സമീപ പ്രദേശങ്ങളിലായി 22 വേദികളിൽ കലാമത്സരങ്ങൾ അരങ്ങേറും.
319 ഇനങ്ങളിലായി ആയിരക്കണക്കിനു പ്രതിഭകൾ മൽസരത്തിനെത്തും. 17 ഉപജില്ലകളിൽ നിന്നായി യുപി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നായി 13000 ത്തിലധികം കലാ വിദ്യാർഥികൾ മാറ്റുരക്കും. ഇതോടെപ്പം അറബി കലോത്സവം, സംസ്കൃതോസവം എന്നിവയും നടക്കും. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ജിവിഎച്ച്എസ്എസിൽ രചനാ മത്സരങ്ങളോടെയാണ് തുടക്കം.
ഔദ്യോഗിക ഉദ്ഘാടനം ചൊവ്വ രാവിലെ 10 മണിക്ക് ഉജ്വല ബാല്യം പുരസകാര ജേതാവ് പി.ആദികേശ് നിർവഹിക്കും. പ്രധാന വേദിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്തിലുള്ള ബിഇഎം യുപി സ്കൂളിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. ഇവിടേക്കെത്താനായി വാഹനങ്ങൾ ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.
















