ഒരു ഡിജിറ്റൽ യുഗത്തിലാണല്ലേ നാം ഇന്ന് ജീവിക്കുന്നത്. ദിനംപ്രതി നാം കൂടുതൽ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പും ഡെസ്‌ക്ടോപ്പും ഉൾപ്പെടുന്ന ഡിജിറ്റൽ ഗാഡ്ജറ്റുകൾ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത ചില വസ്തുക്കളായി മാറിയിരിക്കുകയാണ്. ഇത്തരം ഗാഡ്ജറ്റുകൾ ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ അത് പലർക്കും ഒരു ലഹരി പോലെയാണ്. ഇക്കാലഘട്ടത്തിൽ ജോലിക്കും പഠനത്തിനും വിനോദത്തിനുമെല്ലാം ഇവ കൂടിയേ തീരൂ. പക്ഷെ ഇവയുടെ അമിതമായ ഉപയോഗം പതിയെ പതിയെ നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. കാഴ്ചക്കുറവും കഴുത്തുവേദനയും ഉറക്കക്കുറവുമെല്ലാം ഇത്തരം ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ ഉപയോഗം നമുക്ക് സമ്മാനിക്കുന്ന ചില പ്രശ്നങ്ങളാണ്. ഇതിൽ നിന്നും രക്ഷപെടാൻ എന്താണ് വഴിയെന്നാണല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് വഴിയുണ്ട്! കണ്ണിനും കഴുത്തിനും പ്രയാസമില്ലാതെ സ്‌ക്രീൻ ടൈം ആസ്വദിക്കാൻ ചില വഴികളുണ്ട് അവ എന്തെല്ലാമെന്ന് നോക്കിയാലോ?
കംപ്യൂട്ടർ വിഷൻ സിൻഡ്രം
ഡിജിറ്റൽ സ്‌ക്രീൻ ടൈം ഏറ്റവുമധികം പണികൊടുക്കുന്നത് കണ്ണുകൾക്കാണ്. സ്‌ക്രീനിലേക്ക് ഇമചിമ്മാതെ ഒരുപാട് നേരം ഇരിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതുമൂലം കണ്ണിനും കാഴ്ചയ്ക്കും പ്രയാസം നേരിടുന്നു. ഇത്തരം അസ്വസ്ഥതകളെ പൊതുവെ പറയുന്ന പേരാണ് കംപ്യൂട്ടർ വിഷൻ സിൻഡ്രോം. ഈർപ്പം നഷ്ടമാകൽ, കണ്ണിന് ചുറ്റും വേദന, കാഴ്ച മങ്ങൽ, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ.
മറികടക്കാം ഇങ്ങനെ
മൊബൈൽ ഫോൺ കണ്ണിൽനിന്നും പരമാവധി പരമാവധി അകലത്തിൽ വയ്ക്കുന്നതാണ് നല്ലത്. മുറിയിലെ വെളിച്ചത്തിന് അനുസരിച്ച് മൊബൈൽ ഫോണിലെ ബ്രൈറ്റ്‌നസ് ക്രമീകരിക്കാം. കണ്ണിന്റെ അതേ നിരപ്പിൽതന്നെ ഫോൺ ക്രമീകരിക്കണം.
* ആവശ്യമുള്ള സമയത്തുമാത്രം മൊബൈൽ ഫോൺ തുറന്നാൽ മതി. വെറുതേ ഫോണിൽ നോക്കിയിരിക്കുന്നതും ആപ്പുകൾ തുറക്കുന്നതും ഒഴിവാക്കുക.
* ആവശ്യമില്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ സൈലന്റ് ആക്കിയിടാം.
* പ്രധാനപ്പെട്ട ജോലികൾ തുടങ്ങുമ്പോൾ നെറ്റ് ഓഫ് ചെയ്തിടാം.
*മൊബൈൽഫോണിൽ ഏറെനേരം ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കാം. മെസ്സേജുകൾ പരമാവധി ഓഡിയോ ആയി അയക്കാം.
* ഗൂഗിൾ ഹാൻഡ്‌റൈറ്റിങ്, സ്‌ക്രീനിൽ എഴുതാൻ സഹായിക്കുന്ന പേന എന്നീ സംവിധാനങ്ങൾ ഇപ്പോൾ ലഭ്യമാണ്. അത് ഉപയോഗപ്പെടുത്താം.
സ്‌ക്രീനും കഴുത്തുവേദനയും
സിനിമ കണ്ടും റീൽസും വീഡിയോസും ആസ്വദിച്ചും മണിക്കൂറുകളോളം ഒരേ പൊസിഷനിൽ ഇരിക്കുന്നത് കഴുത്തിന് പ്രയാസമുണ്ടാക്കാറുണ്ട്. നാമറിയാതെ കഴുത്ത് വളഞ്ഞ് താഴ്ന്നുവരും. തല താഴുമ്പോൾ ഭാരം മുഴുവൻ നട്ടെല്ലിന് താങ്ങേണ്ടിവരും. അവിടെയുള്ള പേശികൾ വലിയുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് ടെക്‌സ്റ്റ് നെക്ക് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നു.
ഏറെ സമയം കുനിഞ്ഞിരുന്ന് സംസാരിക്കരുത്. ഇടയ്ക്ക് കഴുത്ത് താഴേക്കും മുകളിലേക്കും ചലിപ്പിക്കാം. ഫോണിൽ നിന്ന് പുറത്തുവരുന്ന ചൂട് തള്ളവിരലിനെയും സമീപമുള്ള ചർമത്തെയും ബാധിച്ചേക്കാം. തളളവിരലിൽ കടുത്ത വേദന, നീര്, ചുവപ്പ്, ചൂട് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
















