ജാർഖണ്ഡ് സംസ്ഥാനത്തിൽ ബൊക്കാറോ നഗരത്തിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ദലാഹി കുണ്ഡ്, പ്രകൃതി വിസ്മയങ്ങളിലൊന്നായി മാറുകയാണ്. പ്രകൃതിയും ഐതിഹ്യവും കൈകോർക്കുന്ന അതുല്യ ജലാശയമാണ് ഇത്. കുളത്തിന് മുന്നിൽ കൈയ്യടിക്കുമ്പോൾ ജലം തിളക്കുന്നതുപോലെ മുകളിലേക്ക് ഉയരുന്നുവെന്ന പ്രതിഭാസമാണ് ഇവിടെ കൗതുകമുണർത്തുന്നത്. വർഷങ്ങളായി ഗവേഷകർ ഇവിടെ എത്തിയെങ്കിലും, ജലത്തിന്റെ ഈ അപ്രതീക്ഷിത പ്രതികരണത്തിന് പിന്നിലെ രഹസ്യം ഇപ്പോഴും മറഞ്ഞുതന്നെയാണ്. പ്രാദേശിക ഗോത്രഭാഷകളിൽ നിന്ന് ദലാഹി എന്ന പേര് ഉരുത്തിരിഞ്ഞതാണെന്നാണ് പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകർ ഈ അത്ഭുതം നേരിട്ട് കാണാൻ ഇവിടെ എത്തുന്നുണ്ട്.
ദലാഹി ഗോസായി എന്ന ദൈവത്തിനുള്ള ആരാധനാലയമായി ദലാഹി കുണ്ഡ് പ്രാദേശിക ഗോത്രവിഭാഗങ്ങളുടെ സംസ്കാരത്തിൽ പ്രധാന സ്ഥാനമാണ് വഹിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ഇവിടെ പ്രത്യേക പ്രാർഥനകൾ നടക്കുന്നു. ദിവ്യാത്മാക്കൾ ഈ ജലാശയത്തെ സംരക്ഷിക്കുന്നു എന്ന ഐതിഹ്യം നിലനിൽക്കുന്നതിനാൽ സന്ദർശകർ പൂക്കൾ അർപ്പിക്കുകയും വിളക്കുകൾ തെളിക്കുകയും ചെയ്യുന്നു.
ജലത്തിന്റെ ഉറവിടം സംബന്ധിച്ച് ശാസ്ത്രജ്ഞർ വിവിധ നിഗമനങ്ങൾ മുന്നോട്ടുവെക്കുന്നു. പുരാതന ശിലാപാളികളിലെ വിള്ളലുകളിലൂടെ ഭൂഗർഭജലം പുറത്തെത്തുന്നതാണ് പ്രധാന സാധ്യതയെന്ന് ചില ഗവേഷകർ പറയുന്നു. ജമുയി എന്ന ചാലിലൂടെ ഗർഗ്നദിയിലേക്ക് ജലം ഒഴുകിപ്പോകുന്നതായും കരുതുന്നു. എന്നാൽ ചാലിന്റെ ജലനിരപ്പ് വളരെ കുറവായതിനാൽ കൈയടിക്കുമ്പോഴുണ്ടാകുന്ന ശബ്ദ തരംഗങ്ങൾ വെള്ളത്തിൽ പ്രകമ്പനമുണ്ടാക്കി മുകളിലേക്ക് ഉയരാൻ കാരണമാകുന്നതായാണ് ശാസ്ത്രീയ വിലയിരുത്തൽ.
ദലാഹി കുണ്ടിലെ ജലം കാലാവസ്ഥയ്ക്ക് വിരുദ്ധമായി പെരുമാറുന്നതും മറ്റൊരു പ്രത്യേകതയാണ്. വേനൽക്കാലത്ത് ജലം തണുപ്പായും ശൈത്യകാലത്ത് ഇളംചൂടോടെയും കാണപ്പെടുകയും ചെയ്യുന്നു. ത്വക്ക് രോഗങ്ങൾക്ക് ചികിത്സാകരമായ ഗുണമുണ്ടെന്ന വിശ്വാസം നാട്ടുകാരിൽ ശക്തമാണ്. ഓരോ വർഷവും മകരസംക്രാന്തിയോടനുബന്ധിച്ച് ഇവിടെ വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നു.
ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവും നിറഞ്ഞ പ്രദേശവുമാണ് ദലാഹി കുണ്ഡ്. അരയാൽ, പന്നൽച്ചെടികൾ, ജലസസ്യങ്ങൾ എന്നിവസഹിതം പക്ഷി-സസ്തനികളുടെയും സാന്നിധ്യം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പാറക്കെട്ടുകളും വനപ്രദേശങ്ങളും ചേർന്നുണ്ടാകുന്ന പ്രത്യേക ആവാസവ്യവസ്ഥ പ്രകൃതി പഠനത്തിനും സന്ദർശനത്തിനും അനുയോജ്യമാണ്.
ശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും ഇടയിൽ നിലകൊള്ളുന്ന ഈ ജലാശയത്തിന്റെ രഹസ്യം കണ്ടെത്താനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. പ്രകൃതിയിലെ അപൂർവ പ്രതിഭാസങ്ങൾ ഇപ്പോഴും മനുഷ്യർ കണ്ടെത്താത്തതാണെന്നതിനുള്ള ഉദാഹരണമായി ദലാഹി കുണ്ഡ് തുടരുന്നു.
















