വടകര: വലിയങ്ങാടിയിൽ നിന്നുള്ള കൊപ്ര മോഷണക്കേസിൽ പ്രതിയെ ടൗൺ പോലീസ് പിടികൂടി. വടകര കൈനാട്ടി, കുറിയടി പള്ളി വീട്ടിൽ സുബിൻ രാജ് (31) ആണ് പോലീസ് കസ്റ്റഡിയിൽ ആയത്.
ഈ മാസം 12-ാം തീയതി രാത്രി, വലിയങ്ങാടി കോയസ്സൻ റോഡിലുള്ള സുപ്രിയ ട്രേഡേഴ്‌സ് എന്ന കൊപ്ര സംഭരണ കേന്ദ്രത്തിൽ നിന്നാണ് മോഷണം നടന്നത്. 40 കിലോയിൽ കൂടുതൽ തൂക്കം വരുന്ന കൊപ്ര പ്രതി കൊണ്ടുപോയെന്നാണു പരാതി.
കടയുടമയുടെ പരാതിയെ തുടർന്ന് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കടയിലും സമീപ പ്രദേശങ്ങളിലുമായിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.
തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ശ്രീസിത, വിനോദ്, കിരൺ, സി.പി.ഒ ജലീൽ എന്നിവരുടെ നേതൃത്വത്തിൽ മാനഞ്ചിറ പ്രദേശത്ത് നിന്നു സുബിൻ രാജിനെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















