പ്ലാസ്റ്റിക് തിന്ന് തീർക്കുന്ന ഫംഗസിനെ കണ്ടെത്തി ശാസ്ത്ര ലോകം. അമേരിക്കയിലെ യേൽ സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. പ്രകൃതിയിൽ സ്വാഭാവികമായി പരിണമിച്ച ഈ സൂക്ഷ്മാണുക്കൾ പ്രകൃതി തന്നെ അതിനെ നേരിടുന്ന വലിയ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടത്തി എന്ന നിലയിലാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. പരിസ്ഥിതിക്ക് പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതായ സാഹചര്യത്തിൽ ഇവയുടെ കണ്ടെത്തൽ ഒരു ജീവിവർഗം തന്നെ സ്വാഭാവികമായി ചെയ്യുന്നതായതിനാൽ ഈ വിഘടനപ്രക്രിയ ഭൂമിക്ക് വളരെ കുറച്ചു മാത്രം ആഘാതം ഉണ്ടാക്കുന്നതാണെന്നാണു വിദഗ്ധർ പറയുന്നത്.
പഠനം പറയുന്നു…
ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ ആശങ്കയായ പ്ലാസ്റ്റിക് മാലിന്യങ്ങളെ പരിസ്ഥിതിയുടെ അന്തകൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 200 വർഷം വരെ മണ്ണിൽ ദഹിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക്കുകൾ ഉണ്ടത്രേ. ഇവ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന വെല്ലുവിളി മറ്റെല്ലാത്തിനേക്കാളും വലുതാണ്. പ്ലാസ്റ്റിക്ക് ഉന്മൂലനത്തിന് വേണ്ടിയുള്ള പദ്ധതികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുമ്പോൾ ലോകത്തിനാകെ ആശ്വാസം പകരുന്ന ഒരു വാർത്തയാണ് അമേരിക്കയിലെ യേൽ സർവകലാശാലയിലെ ഗവേഷകർ പുറത്തു വിട്ടിരിക്കുന്നത്. ആമസോൺ മഴക്കാടുകളിൽ അവർ നടത്തിയ ചില ഗവേഷണങ്ങളിൽ കണ്ടെത്തിയ സൂക്ഷ്മാണുക്കളായ ഫംഗസ്സുകൾ പ്ലാസ്റ്റിക്ക് അതിവേഗം തിന്നു തീർക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുകയാണ്
പ്രകൃതിയിൽ സ്വാഭാവികമായി പരിണമിച്ച ഈ സൂക്ഷ്മാണുക്കൾ പ്രകൃതി തന്നെ അതിനെ നേരിടുന്ന വലിയ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടത്തി എന്ന നിലയിലാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്. യേൽ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥികൾ ആമസോൺ മഴക്കാടുകളുടെ ഏറ്റവും സമൃദ്ധമായ ജൈവവൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നായ യാസുനി ദേശീയവനത്തിന്റെ ചതുപ്പുകളിൽ നിന്ന് കണ്ടെത്തിയ പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ (Pestalotiopsis microspora) എന്ന ഫംഗസ് ആണ് ഈ പ്ലാസ്റ്റിക്ക് അന്തകൻ. സസ്യങ്ങളുടെ ഉള്ളിൽ സഹജീവിയായി പരിണമിച്ച ഒരു ഫംഗസ് ആണിത് . പക്ഷേ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത് അതിന്റെ പ്ലാസ്റ്റിക്, വിശേഷിച്ച് വളരെക്കഠിനമായ പോളിയൂറിഥെയ്ൻ (polyurethane) എന്ന പോളിമർ (polymer), വിഘടിപ്പിക്കാൻ ഉള്ള അത്ഭുതകരമായ കഴിവാണ്.
നമ്മൾ ഉപയോഗിക്കുന്ന മെത്തകൾ, ചില തരം ചെരിപ്പുകൾ, വീടുകളിലും മറ്റും ചൂട് പുറത്തേക്ക് പോകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോമുകൾ (കട്ടിയുള്ള സ്‌പോഞ്ച് പോലുള്ള വസ്തുക്കൾ), തുടങ്ങിയവയിയെല്ലാം പോളി യൂറിഥെയ്ൻ എന്ന കട്ടിയുള്ള ഒരുതരം പ്ലാസ്റ്റിക് ഉണ്ട്. ഈ പ്ലാസ്റ്റിക് എളുപ്പത്തിൽ നശിച്ചുപോകാത്തതാണ്.എന്നാൽ, പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്ന ഈ പ്രത്യേക ഫംഗസിന് ഇതിനെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അതിന് അതിൻ്റെ വളർച്ചയ്ക്ക് വേണ്ട ഊർജ്ജവും ഭക്ഷണവും ഈ പോളി യൂറിഥെയ്ൻ പ്ലാസ്റ്റിക്കിൽ നിന്ന് നേരിട്ട് വലിച്ചെടുക്കാൻ കഴിയും.
ഇനി എങ്ങനെയാണു പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ ഫംഗസ് പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നത് എന്ന് പറയാം, പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വരുന്ന ഫംഗസ് ചില പ്രത്യേക രാസാഗ്നികൾ (എൻസൈമുകൾ) പുറത്തുവിടും. സെറൈൻ ഹൈഡ്രോലെയ്‌സ് എന്ന രാസാഗ്നിയാണ് ഇതിലെ പ്രധാനി. ഈ രാസാഗ്നികൾ പ്ലാസ്റ്റിക്കിൻ്റെ ഉള്ളിലെ ശക്തമായ ബന്ധനങ്ങളെ അഥവാ കരുത്തുറ്റ ‘എസ്റ്റർ ബോണ്ടുകൾ’ തകർത്ത്, പ്ലാസ്റ്റിക്കിനെ തീരെ ചെറിയ, ലളിതമായ ഭക്ഷ്യവസ്തുക്കളായി മാറ്റുകയും ഫംഗസ് അത് ഭക്ഷണമാക്കുകയും ചെയ്യുന്നു. .ഇതിലെ ഏറ്റവും അത്ഭുതകരമായ കാര്യം എന്തെന്നാൽ, ഈ പ്രക്രിയ നടക്കാൻ ഓക്സിജൻ ഒട്ടും ആവശ്യമില്ല എന്നതാണ്. സാധാരണയായി, മിക്ക മാലിന്യങ്ങളും നശിച്ചുപോകണമെങ്കിൽ ഓക്സിജൻ വേണം. പക്ഷേ, മണ്ണിനടിയിലുള്ള മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലെപ്പോലെ ഓക്സിജൻ തീരെയില്ലാത്ത സാഹചര്യങ്ങളിലും ഈ ഫംഗസിന് പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ കഴിയും. അതുകൊണ്ട്, പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള പുതിയതും മികച്ചതുമായ സാങ്കേതിക വിദ്യകളിൽ ഈ ഫംഗസിന് വലിയ പങ്കുണ്ടാകും.
പ്ലാസ്റ്റിക് മലിനീകരണത്തെ നേരിടാനുള്ള യാത്രയിൽ, രാസപരമായും വ്യാവസായികപരമായും ഉപയോഗിക്കുന്ന ഇന്നത്തെ പല മാർഗങ്ങളും തന്നെ പലപ്പോഴും ചെലവേറിയതുമായും പരിസ്ഥിതി സൗഹൃദമല്ലാത്തതുമായിരിക്കുന്നു. അതിന്‍റെ മറുവശത്ത്, ഒരു ജീവിവർഗം തന്നെ സ്വാഭാവികമായി ചെയ്യുന്നതായ ഈ വിഘടനപ്രക്രിയ ഭൂമിക്ക് വളരെ കുറച്ചു മാത്രം ആഘാതം ഉണ്ടാക്കുന്നതാണ്. 2011-ൽ കണ്ടെത്തിയ ഈ ഫംഗസ് ഇപ്പോഴും ഗവേഷണഘട്ടത്തിൽ തന്നെയാണ്. വലിയതോതിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കാനുള്ള വഴികളാണ് ശാസ്ത്രജ്ഞർ തേടുന്നത്.എന്നാൽ, ഇതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഇന്നുണ്ട് അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പരീക്ഷണം വിജയത്തോടടുക്കുമ്പോൾ ആഗോള പരിസ്ഥിതി രക്ഷകൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയിരിക്കുകയാണ് പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ ഫംഗസ്.
















