സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ നടത്തുന്ന പരിശോധനയ്ക്കിടെ പിടിച്ചെടുക്കുന്ന മോശം ഭക്ഷണസാധനങ്ങൾ പരസ്യമായി പ്രദർശിപ്പിക്കരുതെന്നും, ഈ വിവരങ്ങൾ മാധ്യമങ്ങളിലൂടെ ‘അകാരണമായി’ പ്രചരിപ്പിക്കരുതെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ നിർദേശം. ഈ ‘വിചിത്ര’ പരാമർശം വകുപ്പിനുള്ളിൽത്തന്നെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഒക്ടോബർ 23-ന് പുറത്തിറക്കിയ ഈ ഉത്തരവിൻ്റെ ബലത്തിൽ ഉദ്യോഗസ്ഥർ ഇപ്പോൾ മോശം ഭക്ഷണം പിടിച്ചെടുത്താലും മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നില്ല. നടപടികളെല്ലാം രഹസ്യസ്വഭാവത്തോടെയാണ് മുന്നോട്ട് പോകുന്നത്.
മാധ്യമങ്ങളിൽ വാർത്ത വരുന്നതുകൊണ്ടാണ് നിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ കഴിയുന്നതെന്നും, മോശം ഭക്ഷണം വിതരണം ചെയ്താൽ നടപടിയെടുക്കുന്നത് ‘അകാരണമാകുന്നത്’ എങ്ങനെയെന്നും ഒരുവിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു.
ഉത്തരവിലെ ഈ പരാമർശം ഭക്ഷണശാല ഉടമകൾക്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി നടപടി ഇല്ലാതാക്കാൻ അവസരം നൽകിയേക്കാം എന്നും ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു.
ഉത്തരവിൽ വ്യക്തത വരുത്തി, ഈ വിവാദ പരാമർശം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.
















